ബന്ധുനിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നു ബെന്നി തോമസ് രാജിവെച്ചു

ബന്ധുനിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നു ബെന്നി തോമസ് രാജിവെച്ചു


തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടിരുന്ന ബെന്നി തോമസ് സ്ഥാനമൊഴിഞ്ഞു. മന്ത്രിയുടെ സഹോദരീഭർത്താവായ ബെന്നി തോമസ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധുനിയമനം സംബന്ധിച്ച വിവാദം ശക്തമായതിനെ തുടർന്നാണ് രാജി.

കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയും ഉളിക്കൽ സ്വദേശിയുമായ ബെന്നി തോമസിനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിയമനം ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും, ദീർഘകാല പൊതുപ്രവർത്തന പരിചയമുള്ള വ്യക്തിയായതിനാലാണ് സ്റ്റാഫിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ വിശദീകരിച്ചിരുന്നു.

അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബെന്നി തോമസ് സ്ഥാനമൊഴിയാൻ തീരുമാനിച്ചത്.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നടന്ന ബന്ധുനിയമനങ്ങളെ യു.ഡി.എഫ്. ശക്തമായി വിമർശിച്ചിരുന്ന സാഹചര്യത്തിൽ, അതേ മുന്നണിയിലെ മന്ത്രിയുടെ ഓഫീസിൽ സമാനമായ നിയമനം നടന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് താത്കാലിക വിരാമമിട്ട് ബെന്നി തോമസ് രാജിവെച്ചത്.