മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചു

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചു


ന്യൂഡൽഹി: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം നാളെ ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലായിരിക്കും യോഗമെന്നാണ് ലഭിക്കുന്ന വിവരം.

എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വടക്കൻ ജില്ലകളിൽ നിന്നുള്ള അംഗങ്ങളുടെ യാത്രാസൗകര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ സമയക്രമത്തിൽ തീരുമാനം എടുക്കുക.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം കാത്ത് സംസ്ഥാന നേതൃത്വവും എംഎൽഎമാരും തിരുവനന്തപുരത്ത് സജീവ ചർച്ചകളിലാണ്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതോടെ ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ പ്രതീക്ഷ.