ന്യൂഡൽഹി: സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ നിർണായക ചർച്ച അവസാനിച്ചു. ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷവും അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും വീണ്ടും വിലയിരുത്താനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ചർച്ചയ്ക്കിടെ കേരളത്തിലെ നേതാക്കളുമായി ഇരുവരും ഫോൺ വഴി ബന്ധപ്പെടാത്തതായാണ് വിവരം. മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടായാൽ ആദ്യം അത് കെ.സി വേണുഗോപാലിനെ അറിയിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി രാഹുൽ ഗാന്ധി സംസാരിക്കും. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ഒരു ഒറ്റപ്പേരുമായാണ് രാഹുൽ ഗാന്ധി ഖർഗെയുടെ വസതിയിലെത്തിയതെന്ന സൂചനകളും ഉയരുന്നുണ്ട്.
ഇതിനിടെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ദൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ അവർ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവിൽ അവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങളും അതൃപ്തികളും ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം വൈകുന്നതെന്ന വിലയിരുത്തലുമുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്ന മൂന്ന് നേതാക്കളെയും ഉൾപ്പെടുത്തി ഒരു സമവായ ഫോർമുല ഹൈക്കമാൻഡ് മുന്നോട്ടുവയ്ക്കാനിടയുണ്ടെന്നാണ് സൂചന. അതേസമയം, തീരുമാനം ഇനിയും വൈകിക്കരുതെന്നും എത്രയും വേഗം പ്രഖ്യാപനം നടത്തണമെന്നും മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ ഡൽഹിയിൽ നിന്ന് മടങ്ങും മുൻപ് പ്രതികരിച്ചു.
മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് കെപിസിസി അധ്യക്ഷൻ സണ്ണിജോസഫ് പ്രകടിപ്പിച്ചത്. പ്രഖ്യാപനം കാത്ത് അദ്ദേഹം ഇന്ദിരാഭവനിൽ തുടരുകയാണ്. പാർട്ടി പ്രവർത്തകരും നേതാക്കളും അവിടെ എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും വസതികളിലും അടുത്ത അനുയായികളും സുഹൃത്തുക്കളും പ്രഖ്യാപനം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.
മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകും; ഖർഗെ-രാഹുൽ ചർച്ചയ്ക്ക് പിന്നാലെ വീണ്ടും ആലോചന
