കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിനിടെ കേരള കോൺഗ്രസ് (എം) പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്. പാർട്ടി മത്സരിച്ച 12 മണ്ഡലങ്ങളിലും പിന്നിലായതോടെ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയാണിതെന്ന് കണക്കാക്കപ്പെടുന്നു. സംസ്ഥാനത്തുടനീളം പ്രകടമായ ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും പാർട്ടിയെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തൽ.
പാർട്ടിയുടെ ശക്തികേന്ദ്രമായി കരുതുന്ന പാലായിൽ ചെയർമാൻ ജോസ് കെ മാണി പിന്നിലാണ്. ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പിന്നിലായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജിനെതിരെ കോൺഗ്രസ് സ്ഥാനാർഥി റോണി കെ. ബേബി ഏകദേശം 3000 വോട്ടുകൾക്ക് മുന്നിലാണ്. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും സമാനമായ ഭൂരിപക്ഷത്തിൽ പിന്നിലാണെന്നാണ് സൂചന.
പി.ജെ. ജോസഫുമായുണ്ടായ ഭിന്നതയെ തുടർന്ന് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്ന കേരള കോൺഗ്രസ് (എം), കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് ശക്തമായ പിന്തുണ ഉറപ്പാക്കിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മത്സരിച്ച് അഞ്ച് സീറ്റുകൾ നേടിയിരുന്നു. 2016ൽ യുഡിഎഫിനൊപ്പവും അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർന്ന മുന്നണിമാറ്റ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് പാർട്ടിയെ ഇടതുമുന്നണിയിലേയ്ക്ക് ചേർത്തുനിർത്തിയ ജോസ് കെ. മാണിക്കും പാർട്ടിക്കും ഈ ഫലം കഠിന പരീക്ഷണമായി മാറുകയാണ്. അതേസമയം, യുഡിഎഫിനൊപ്പമുള്ള കേരള കോൺഗ്രസ് (ജോസഫ് ) വിഭാഗം ഏഴ് സീറ്റുകളിൽ മുന്നിൽ നിൽക്കുന്നത് ശ്രദ്ധേയമാണ്.
കേരള കോൺഗ്രസ് (എം) തകർച്ചയുടെ വക്കിൽ; ശക്തികേന്ദ്രങ്ങളിലുപോലും തിരിച്ചടി
