കൊച്ചി: ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. 14 ബില്യണ്‍ യു എസ് ഡോളര്‍ മൂല്യമുള്ള താത്പര്യപത്രങ്ങളാണ് ഒപ്പുവെച്ചത്.
അമേരിക്ക, യു കെ, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തില്‍ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നത്.
രാംകി ഇന്‍ഫ്രാസ്ട്രക്ചര്‍- 6000 കോടി (ഇക്കോ ടൗണ്‍ വികസനം, സംയോജിത വ്യവസായ പാര്‍ക്കുകള്‍), റിസസ് റ്റൈനബിലിറ്റി- 1000 കോടി (മാലിന്യ സംസ്‌കരണം), ഇന്‍സ്റ്റ പേ സിനര്‍ജീസ്- 100 കോടി (സാമ്പത്തിക സേവനങ്ങള്‍), ബൈദ്യനാഥ് ബയോഫ്യുവല്‍സ്- 1000 കോടി (റിന്യൂവബിള്‍ എനര്‍ജി), ആക്മെ ഗ്രൂപ്പ്- 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനര്‍ജി- 1000 കോടി (റിന്യൂവബിള്‍ എനര്‍ജി), സിഫി ടെക്‌നോളജീസ്- 1000 കോടി (ഡാറ്റ സെന്റര്‍), ഡെല്‍റ്റ എനര്‍ജി- 1600 കോടി (ഹോസ്പിറ്റാലിറ്റി ആന്റ് ഹെല്‍ത്ത് കെയര്‍), ഗ്രീന്‍കോ ഗ്രൂപ്പ്- 10000 കോടി, ജെനസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍- 1300 കോടി, കാനിസ് ഇന്റര്‍നാഷണല്‍- 2500 കോടി (എയ്‌റോസ്‌പേസ് ആന്റ് എനര്‍ജി), സെയ്ന്‍ വെസ്റ്റ് കാപ്‌സ് അഡൈ്വസറി- 1000 കോടി (റിന്യൂവബിള്‍ എനര്‍ജി) തുടങ്ങി 27 കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്.
മെഡിക്കല്‍ വ്യവസായം, റിന്യൂവബിള്‍ എനര്‍ജി, ഡാറ്റാ സെന്റര്‍, എമര്‍ജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. താത്പര്യപത്രത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പിട്ട താത്പര്യപത്രങ്ങളില്‍ 24 ശതമാനം നിര്‍മ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനുപുറമേയാണ് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാന കമ്പനികളുമായി താത്പര്യപത്രം ഒപ്പുവെച്ചത്. ഇ എസ് ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികള്‍ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത പ്രധാന കമ്പനികളുടെ സി ഇ ഒമാരുമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം പ്രാതല്‍ ചര്‍ച്ച നടത്തി. 22 സി ഇ ഒമാര്‍ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിംഗും സംഘടിപ്പിച്ചു. പ്രധാന കമ്പനികള്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്നിവര്‍ക്ക് മുന്നില്‍ കേരളത്തിലെ നിക്ഷേപാവസരങ്ങള്‍ പരിചയപ്പെടുത്തി.
വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് 5 അംഗ പ്രതിനിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദാവോസ് സമ്മേളനത്തില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് ചെയ്തത്. ഇത്തവണ അത് താത്പര്യപത്രങ്ങളായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
തിരുവനന്തപുരത്തും കൊച്ചിയിലും ജി സി സി (ഗ്ലോബല്‍ കാപ്പബിലിറ്റി സെന്റേഴ്‌സ്) സിറ്റി സ്ഥാപിക്കും. ദാവോസില്‍ സമാപിച്ച ലോക സാമ്പത്തിക ഫോറത്തില്‍ ഇതിനായുള്ള നിക്ഷേപ താത്പര്യപത്രം കേരളം ഒപ്പിട്ടു. ലോകത്ത് ഏറ്റവുമധികം ജി സി സികള്‍ സ്ഥാപിച്ചിട്ടുള്ള എ എന്‍ എസ് ആറുമായാണ് കേരളം താത്പര്യപത്രം ഒപ്പുവെച്ചത്. ഇതിന്റെ തുടര്‍ച്ചയില്‍ കോഴിക്കോടും ജി സി സി സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. ലോകത്തെ മുന്‍നിര കമ്പനികള്‍ക്ക് വേണ്ടി ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ ഒരുക്കുന്ന എ എന്‍ എസ് ആര്‍ കേരളത്തിലും എത്തുന്നത് വ്യവസായ ലക്ഷ്യ കേന്ദ്രം എന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
