വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു: വയനാട്ടിലും കോഴിക്കോട്ടും റെഡ് അലർട്ട്; 2 ജില്ലകളിലും നാളെ അവധി

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു: വയനാട്ടിലും കോഴിക്കോട്ടും റെഡ് അലർട്ട്; 2 ജില്ലകളിലും നാളെ അവധി


കോഴിക്കോട് : വടക്കൻ കേരളത്തിൽ കനത്ത കാറ്റും അതിതീവ്ര മഴയും തുടരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ബുധനാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും.

മേഖലയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. നിലമ്പൂരിൽ ആഞ്ഞടിച്ച കാറ്റിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീഴുകയും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. കണ്ണൂർ പാനൂരിൽ കനത്ത മഴയെ തുടർന്ന് ഹോട്ടലിന്റെ മതിൽ ഇടിഞ്ഞുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറം, കണ്ണൂർ, കാസറകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.