തിരുവനന്തപുരം: മുതിര്‍ന്ന റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥനും കേരള സര്‍ക്കാരിന്റെ 'കേരളപ്രഭ' പുരസ്‌കാര ജേതാവുമായ ടി മാധവ മേനോന്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗര്‍ ബിഎന്‍ 333 'സായികൃപ'യില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കഴക്കൂട്ടം ശാന്തിതീരം സെമിത്തേരിയില്‍.
1954 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. പൊതു ഭരണം, ഗോത്രവര്‍ഗ ക്ഷേമം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. പാലക്കാട് ജില്ലാ കലക്ടര്‍, ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍, ട്രൈബല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം എം ഡി തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ 'അഹാഡ്‌സി'ന്റെ ഗവേണിങ് കൗണ്‍സില്‍ അംഗമാണ്. വിരമിച്ച ശേഷം നരവംശ ശാസ്ത്ര പഠനങ്ങളിലും ഗോത്രവര്‍ഗ ക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
1973- 75 കാലഘട്ടത്തില്‍ വെസ്റ്റഡ് ഫോറസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍, 2001ല്‍ ആദിവാസി മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 'എന്‍സൈക്ലോപീഡിയ ഓഫ് ദ്രവീഡിയന്‍ ട്രൈബ്‌സ്' ചീഫ് എഡിറ്ററായിരുന്നു. 'ട്രൈബല്‍ ഡവലപ്‌മെന്റ് ഇന്‍ ഇന്ത്യ: ഫ്രം ഡെസ്പയര്‍ ടു ഹോപ്' തുടങ്ങി ഗോത്രവര്‍ഗ മേഖലയിലെയും ഹാന്‍ഡ് ബുക്ക് ഓഫ് കേരള, മദര്‍ ഗോഡസസ് വര്‍ഷിപ്പ് ഇന്‍ കേരള ആന്‍ഡ് ബംഗാള്‍ തുടങ്ങി നരവംശമേഖലയിലെയും ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവാണ്.
കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ഗോത്ര പൈതൃകത്തിലേക്ക് വിരല്‍ചൂണ്ടുന്ന 'കേരളോല്‍പ്പത്തി', 'കേരള പഴമ' തുടങ്ങിയ ഗ്രന്ഥങ്ങള്‍ ദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വസിറ്റിനായി മൊഴിമാറ്റം നടത്തി. 'പീപ്പിള്‍ ഓഫ് ഇന്ത്യ: കേരള സീരീസ്' പ്രൊജക്ടിന്റെ ഭാഗമായും ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ദ്രവിഡീയന്‍ ലിംഗ്വിസ്റ്റിക്സില്‍ സീനിയര്‍ ഫെലോ ആയും പ്രവര്‍ത്തിച്ചു.
ഭാര്യ: മണി. മക്കള്‍: മഹേഷ് (ബെംഗളൂരു), മായ (മാധ്യമ പ്രവര്‍ത്തക). മരുമക്കള്‍: ശ്രീജിത്ത് ശ്രീധരന്‍, പരേതയായ ദീപ്തി.
