ജി.സുധാകരൻ പ്രോ ടേം സ്പീക്കർ; നിയമസഭ സമ്മേളനം മേയ് 21 മുതൽ

ജി.സുധാകരൻ പ്രോ ടേം സ്പീക്കർ; നിയമസഭ സമ്മേളനം മേയ് 21 മുതൽ


തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ആദ്യ മന്ത്രിസഭാ യോ​ഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

മേയ് 21ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടത്താനും 22ന് സ്പീക്കറെ തെരഞ്ഞെടുക്കാനും ​ഗവർണറോട് ശിപാർ‌ശ ചെയ്തു. അമ്പലപ്പുഴ എം.എൽ.എയും മുൻ മന്ത്രിയുമായ ജി.സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചു. അം​ഗീകാരം കിട്ടുന്നതിന് അനുസരിച്ച് 29ന് നയപ്രഖ്യാപന പ്രസം​ഗം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 5നാവും പുതിയ സർക്കാരിന്റെ ബജറ്റ് അവതരണം.  

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജാജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായും ടി.ആസിഫലിയെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിക്കാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.