എല്ലാ ഒഴിവുകളും മൂന്നാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ കർശന നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാരിന്റെ കർശന നിർദേശം. വിവിധ സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളിൽ വൻ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നടപടി. ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാർ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഒട്ടനവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ കർശന നടപടി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിനൊപ്പം നേരിട്ടുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയായി സർക്കാരിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും പിഎസ്‌സിയുടെ പ്രവർത്തനങ്ങൾക്കെതിരെയാണ്.
പിഎസ്‌സിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ അഞ്ചു വർഷമായി യാതൊരുവിധ തുടർനടപടികളും ഉണ്ടാകുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. മുൻപ് ഇത്തരം പരാതികൾ ഉയർന്നാൽ അത് പിഎസ്‌സിക്ക് തന്നെ കൈമാറുന്ന പഴയ രീതി ഇനി തുടരേണ്ടതില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ തീരുമാനം. ഔദ്യോഗിക അന്വേഷണം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ പരാതികൾ അന്വേഷണ സംഘത്തിന് കൈമാറും.
സമീപകാലത്ത് നടന്ന പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ചും വിപുലമായ അന്വേഷണത്തിന് സർക്കാർ ഒരുങ്ങുകയാണ്. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിലുണ്ടായ വീഴ്ചയെക്കുറിച്ച് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിലും ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്.
