തിരുവനന്തപുരം: എക്സൈസ് കമ്മിഷണറായിരിക്കെ സീറാം സാംബശിവ റാവു അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി ഉത്തരവിറക്കി സർക്കാർ. നെടുമ്പാശേരി വിമാനത്താവളത്തിൽ അനുവദിച്ച എഫ്എൽ 7 ലൈസൻസ് ആണ് റദ്ദാക്കിയത്. ലൈസൻസിനുള്ള അനുമതിയും സർക്കാർ റദ്ദാക്കി.
നെടുമ്പാശേരി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിൻ്റെ അനുമതിയും ലൈസൻസുമാണ് റദ്ദാക്കിയത്. ലൈസൻസിനുവേണ്ടി അപേക്ഷിച്ച രണ്ടുലക്ഷം രൂപ തിരികെ ലഭിക്കാൻ അപേക്ഷ നൽകിയാൽ മതിയെന്നും എക്സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മിഷണർ ആർ. ജയശങ്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
യുഡിഎഫ് മദ്യനയം വരുന്നതുവരെ എഫ്എൽ 7 അടക്കമുള്ള പുതിയ ബാർ ലൈസൻസുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം കാരണമായി ചൂണ്ടിക്കാണിച്ചാണ് നടപടി. യുഡിഎഫ് മദ്യനയം വന്നശേഷം വീണ്ടും ലൈസൻസിന് അപേക്ഷിക്കാമെന്നും ഉത്തരവിലുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലെ രണ്ട് പുതിയ ബാറിനാണ് ലൈസൻസ് നൽകിയത്.
ട്രാവൽ ഫുഡ് സർവ്വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച് എയർപോർട്ട് ലോഞ്ചുകളിൽ നൽകുന്ന എഫ്എൽ 7 ലൈസൻസ് അനുവദിച്ച് സാംബശിവ റാവു ആയിരുന്നു ഉത്തരവിറക്കിയത്. ഇതേത്തുടർന്നുണ്ടായ വിവാദങ്ങളെത്തുടർന്ന് സാംബശിവ റാവുവിനെ കമ്മിഷണർ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.
അതിനിടെ, എക്സൈസ് കമ്മിഷണറായിരിക്കേ സീറാം സാംബശിവ റാവു സ്ഥലംമാറ്റ ഉത്തരവിൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയെന്ന് പരാതി ഉയർന്നു. സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്നതിൻ്റെ ചുമതല വഹിച്ചിരുന്ന എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസാണ് ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി എം ലിജുവിന് പരാതി നൽകിയത്.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരുടെയും എക്സൈസ് ഇൻസ്പെക്ടർമാരുടെയും സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്ന ചുമതലയുള്ള ഇൻസ്പെക്ടറാണ് ആരോൺ. കഴിഞ്ഞ ഒന്നാം തീയതിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മൂന്നാംതീയതി പട്ടിക തയ്യാറാക്കുകയും നാലാം തീയതി അത് അസിസ്റ്റൻ്റ് എക്സെസ് കമ്മിഷണർ ഉത്തരവായി പുറത്തിറക്കുകയും ചെയ്തു.
എന്നാൽ, ആറാം തീയതി രാവിലെ ആരോണിനെയും ചുമതലക്കാരനായ സെക്ഷൻ സൂപ്രണ്ടിനെയും സീറാം തൻ്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും താൻ ഈ പട്ടിക കണ്ടിട്ടില്ലല്ലോയെന്നും എങ്ങനെയാണിത് തയ്യാറാക്കിയതെന്നും ചോദിച്ച് ശകാരിച്ചെന്ന് പരാതിയിൽ പറയുന്നു. ശേഷം ഈ പട്ടിക, എക്സൈസ് അസോസിയേഷനും മന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് തയ്യാറാക്കിയതെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോണിൻ്റെ ആരോപണം.
കമ്മിഷണർ സ്ഥാനത്തു നിന്നു മാറുന്നതിന് മുൻപ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച് സാംബശിവ റാവു സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടിൽ സാംബശിവ റാവു ആരോപിച്ചിരുന്നത്. അന്വേഷണം വന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹം നൽകേണ്ടി വരും.
മന്ത്രി എം ലിജുവിന് ഒരു ബാർ ഉടമയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും സാംബശിവ റാവു നൽകേണ്ടി വരും. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു.
ജോയിൻ്റ് എക്സൈസ് കമ്മിഷണർ എസ് വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർ വലിയതോതിൽ കൈക്കൂലി വാങ്ങുന്നുവെന്നും എക്സൈസ് മന്ത്രി എം ലിജുവിന് കായംകുളത്തെ ഒരു ബാർ ഉടമയുമായി അടുത്ത പരിചയമുണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപാണ് റിപ്പോർട്ട് കൈമാറിയത്.
സീറാം അനുവദിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ: അപേക്ഷ ഫീസ് തിരിച്ചു നൽകും
