കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ 6.19 ശതമാനം വളര്‍ച്ച; ശക്തമായ മുന്നേറ്റമെന്ന് സാമ്പത്തിക അവലോകനം

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ 6.19 ശതമാനം വളര്‍ച്ച; ശക്തമായ മുന്നേറ്റമെന്ന് സാമ്പത്തിക അവലോകനം


തിരുവനന്തപുരം: 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ കേരള സമ്പദ്വ്യവസ്ഥ 'ശക്തമായ വളര്‍ച്ച' കൈവരിച്ചതായി സാമ്പത്തിക അവലോകനം. പണപ്പെരുപ്പം കണക്കിലെടുത്ത് (യഥാര്‍ഥ മൂല്യത്തില്‍) സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി എസ് ഡി പി) 6.19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ സ്ഥിരതയുള്ളതും നവോന്മേഷപരവുമായ ദീര്‍ഘദര്‍ശിയുള്ള ധനകാര്യ തന്ത്രങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പണപ്പെരുപ്പം പരിഗണിക്കാതെ നിലവിലെ വിലകളില്‍ ജി എസ് ഡി പി വളര്‍ച്ച 9.97 ശതമാനമാണെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെയും സേവനങ്ങളുടെയും ആകെ മൂല്യം സൂചിപ്പിക്കുന്ന ഗ്രോസ് സ്റ്റേറ്റ് വാല്യൂ ആഡഡ് (ജി എസ് വി എ) 2024-25ല്‍ 6.59 ശതമാനമായി ഉയര്‍ന്നു. 2023- 24ല്‍ ഇത് 6.34 ശതമാനം ആയിരുന്നു. 

കേരളത്തിന്റെ വികസന സ്വപ്‌നങ്ങളും സാമ്പത്തിക പുനരുജ്ജീവനവും കേന്ദ്ര സര്‍ക്കാരുമായുള്ള സഹകരണമൂല്യവും ലഭ്യമായ വിഭവങ്ങളുടെ സൂക്ഷ്മമായ കൈകാര്യം ചെയ്യലുമാണ് നിര്‍ണായകമെന്ന് സാമ്പത്തിക അവലോകനം നിരീക്ഷിക്കുന്നു.

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് തയ്യാറാക്കിയ ഈ രേഖ 2026- 27 സംസ്ഥാന ബജറ്റിന് മുന്നോടിയായാണ് നിയമസഭയില്‍ സമര്‍പ്പിച്ചത്.

സജീവമായ നയ ഇടപെടലുകളുടെ ഫലമായി വിവിധ മേഖലകളില്‍ വളര്‍ച്ച ശക്തമായതായി റിപ്പോര്‍ട്ട് പറയുന്നു. സേവന മേഖലയാണ് ഇപ്പോഴും സമ്പദ്വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2024- 25ല്‍ പ്രാഥമിക മേഖല യഥാര്‍ഥ മൂല്യത്തില്‍ 2.36 ശതമാനം വളര്‍ച്ച കൈവരിച്ചു. 2023- 24ല്‍ ഇത് 0.24 ശതമാനം മാത്രമായിരുന്നു. ദ്വിതീയ മേഖല 2024- 25ല്‍ 7.87 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.  മുന്‍വര്‍ഷം ഇത് 9.74 ശതമാനം ആയിരുന്നു.

പ്രാഥമിക മേഖലയിലെ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും 2.14 ശതമാനമാണ് വളര്‍ച്ച നേടിയത്. 2023- 24ല്‍ 1.25 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. 

മത്സ്യബന്ധനവും അക്വാകള്‍ച്ചറും കഴിഞ്ഞ വര്‍ഷം നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെങ്കില്‍ പുതിയ റിപ്പോര്‍ട്ടില്‍ 10.55 ശതമാനമായി വളര്‍ന്നിട്ടുണ്ട്. വ്യവസായവും നിര്‍മ്മാണവും ഉള്‍പ്പെടുന്ന ദ്വിതീയ മേഖല 7.87 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതില്‍ നിര്‍മ്മാണം 7.42 ശതമാനവും വ്യവസായം 8.12 ശതമാനവും യഥാര്‍ഥ വളര്‍ച്ച നേടി. വിവരസാങ്കേതികവിദ്യ, ടൂറിസം, ഹോട്ടലുകളും റസ്റ്റോറന്റുകളും, ആശയവിനിമയം, വ്യാപാരം, ഗതാഗതം (റോഡ് ഗതാഗതം ഒഴികെ) തുടങ്ങിയ മേഖലകളിലും അനുകൂല വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

2024- 25 അവസാനം സംസ്ഥാനത്തിന്റെ കുടിശ്ശിക പൊതുകടം 3,10,015.86 കോടി രൂപയായി.  പൊതുകടത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 2023- 24ലെ 12.60 ശതമാനത്തില്‍ നിന്ന് 2024- 25ല്‍ 15.68 ശതമാനമായി ഉയര്‍ന്നു. കടം- ജി എസ് ഡി പി അനുപാതം 23.60 ശതമാനത്തില്‍ നിന്ന് 24.83 ശതമാനമായി വര്‍ധിച്ചു.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇടിവിന് ശേഷം, 2024- 25ല്‍ സംസ്ഥാനത്തിന്റെ മൊത്തം വരുമാന വരവുകള്‍ 0.3 ശതമാനം വര്‍ധിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൈമാറ്റങ്ങളില്‍ ഇടിവ് തുടരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023- 24നെ അപേക്ഷിച്ച് 2024- 25ല്‍ കേന്ദ്ര കൈമാറ്റങ്ങള്‍ 6.15 ശതമാനം കുറവ് രേഖപ്പെടുത്തി. ഇതിനെ വലിയ ഇടിവ് എന്നാണ് സാമ്പത്തിക അവലോകനം വിശേഷിപ്പിക്കുന്നത്.

വരുമാന വരവുകള്‍ 2023- 24ലെ 1,24,486 കോടി രൂപയില്‍ നിന്ന് 2024- 25ല്‍ 1,24,861.07 കോടിയായി ഉയര്‍ന്നു. 2024- 25ല്‍ സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം മൊത്തം വരുമാനത്തിന്റെ 61.38 ശതമാനമായി. 2015- 16ല്‍ ഇത് 56.49 ശതനമായിരുന്നു.  2024- 25ല്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം 76,642.20 കോടിയായി. 

സംസ്ഥാനത്തിന്റെ സ്വന്തം നികുതിയേതര വരുമാനത്തില്‍ ലോട്ടറി നിര്‍ണായക പങ്ക് തുടരുന്നു. നികുതിയേതര വരുമാനമായി ലഭിച്ച 16,486.62 കോടിരൂപയില്‍ 12,711.18 കോടി ലോട്ടറിയില്‍ നിന്നാണ്. ലോട്ടറി വരുമാനം 1.44 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ചെലവിന്റെ കാര്യത്തില്‍ 2024- 25ല്‍ മൊത്തം ചെലവ് 9 ശതമാനം വളര്‍ച്ച നേടി. 2023- 24ല്‍ ഇത് 0.5 ശതമാനം മാത്രമായിരുന്നു. വരുമാന ചെലവ് 9.3 ശതമാനമായി ഉയര്‍ന്നു. മൂലധന ചെലവ് 2024- 25ല്‍ 8.96 ശതമാനം വര്‍ധിച്ചു; മുന്‍വര്‍ഷം ഇത് 0.48 ശതമാനമായിരുന്നു. 

ജി എസ് ഡി പിയുടെ ശതമാനമായി കണക്കാക്കുന്ന ധനാഭാവം 2024- 25ല്‍ 3.86 ശതമാനമായി നേരിയ വര്‍ധന രേഖപ്പെടുത്തിയതായും 2025- 26ല്‍ ഇത് 3.16 ശതമാനമായി കണക്കാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. വരുമാന കുറവ് 2023- 24ലെ 1.6 ശതമാനത്തില്‍ നിന്ന് 2024- 25ല്‍ 2.49 ശതമാനമായി. 2025- 26ല്‍ ഇത് 1.9 ശതമാനമായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.