തിരുവനന്തപുരം: കേരളത്തിന്റെ ചലച്ചിത്ര മേഖലയുടെ സമഗ്രമായ വളർച്ചയും സുതാര്യതയും ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ 'കേരള സംസ്ഥാന ചലച്ചിത്ര നയത്തിന്' സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകി. ചലച്ചിത്ര ലോകത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, സാങ്കേതിക പ്രവർത്തകർ എന്നിവരുമായി നടത്തിയ വിപുലമായ ആശയവിനിമയത്തിന്റെയും സിനിമാ കോൺക്ലേവിൽ ഉയർന്നുവന്ന നിദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്. ചലച്ചിത്ര മേഖലയെ കൂടുതൽ പ്രൊഫഷണലാക്കുന്നതിനും കലാകാരന്മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഹായകമായ 92 പ്രധാന ശുപാർശകളും നിദ്ദേശങ്ങളും അടങ്ങുന്നതാണ് ഈ പുതിയ നയം.
സിനിമാ നിർമ്മാണം മുതൽ പ്രദർശനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതൽ തൊഴിൽ സുരക്ഷയും ലിംഗനീതിയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നയരൂപീകരണത്തിൽ പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച ക്രിയാത്മകമായ അഭിപ്രായങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ നയം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ നിർണ്ണായകമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാള സിനിമാ വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും സാങ്കേതികമായ മുന്നേറ്റങ്ങൾക്കൊപ്പം സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനും ഈ പുതിയ ചലച്ചിത്ര നയം വഴിതെളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
മലയാള ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റം: സമഗ്ര സംസ്ഥാന ചലച്ചിത്ര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
