കേരള ബജറ്റ് 2026: കേന്ദ്ര വിമർശനങ്ങൾക്കിടയിൽ വികസനവും ക്ഷേമവും മുന്നോട്ട്

കേരള ബജറ്റ് 2026: കേന്ദ്ര വിമർശനങ്ങൾക്കിടയിൽ വികസനവും ക്ഷേമവും മുന്നോട്ട്


തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണത്തിൽകേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും നികുതി വരുമാനം വെട്ടിക്കുറച്ചുവെന്നും ധനമന്ത്രി ആരോപിച്ചു. കടുത്ത അവഗണനകൾക്കിടയിലുംകേരളം മുന്നേറ്റം തുടരുകയാണെന്നും ധനനിലയിൽ വലിയ പുരോഗതി കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം പുതിയ 'ന്യൂനോർമൽ' സൃഷ്ടിച്ചുവെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കിയെന്ന ആത്മവിശ്വാസം സർക്കാരിനുണ്ടെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ:

* ആശാ വർക്കർമാരുടെ പ്രതിമാസ വരുമാനത്തിൽ 1,000 രൂപ വർധന.
* അങ്കണവാടി വർക്കർമാർക്ക് 1,000 രൂപ വർധന, ഹെൽപ്പർമാർക്ക് 500 രൂപ വർധന
*ക്ഷേമ പെൻഷൻ വിതരണത്തിന് 14,500കോടി രൂപ
* വികസന ഫണ്ട് 10,189കോടി രൂപ
* എംസിറോഡ് വികസനത്തിന് 5,917കോടി രൂപ
* കെഎസ്ആർടിസിക്ക് 8,500കോടി രൂപ
* തൊഴിലുറപ്പ് പദ്ധതിക്ക് 1,000കോടി രൂപ അധിക വിഹിതം
* റാപ്പിഡ് റെയിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100കോടി രൂപ
* കാൻസർ, എയ്ഡ്‌സ്‌രോഗികൾക്ക് 2,000 രൂപ സഹായം
* 1 മുതൽ പ്ലസ് ടു വരെ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്
* ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം (ആർട്‌സ് ആന്റ് സയൻസ്‌കോളജുകൾ)

ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വർധിപ്പിക്കുകയും ഖരമാലിന്യ സംസ്‌കരണത്തിന് 160കോടി രൂപ മാറ്റിവയ്ക്കുകയും ചെയ്തു. ലൈഫ് മിഷൻ പദ്ധതിയിൽ 5.25 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായതായും വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്നും ധനമന്ത്രി അറിയിച്ചു. മെഡിസെപ് 2.0 ഫെബ്രുവരി മുതൽ നടപ്പിലാക്കും. ഓട്ടോ തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് നൽകും. യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായവുംകേര പദ്ധതിക്ക് 100കോടി രൂപയും പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് വിഎസ് സെന്ററിന് 20കോടി രൂപ അനുവദിച്ചു. പ്രതിരോധ ഗവേഷണ ഹബിന് 50കോടി രൂപയും മൺപാത്ര നിർമാണമേഖലയ്ക്ക് ഒരുകോടി രൂപയും വകയിരുത്തി. വയോജനക്ഷേമം ലക്ഷ്യമിട്ട് പ്രത്യേക എൽഡർലി ബജറ്റ് അവതരിപ്പിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുമെന്നും മുൻ ജനപ്രതിനിധികൾക്കായി ക്ഷേമനിധി ആരംഭിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. ശിശുമരണ നിരക്ക് അമേരിക്കയെക്കാൾ കുറവാണെന്ന നേട്ടവും ധനമന്ത്രി ചൂണ്ടിക്കാട്ടി.