'ഹൈക്കമാൻഡ് തീരുമാനം ശിരസാവഹിക്കും' - വി.ഡി. സതീശനെ അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ

'ഹൈക്കമാൻഡ് തീരുമാനം ശിരസാവഹിക്കും' - വി.ഡി. സതീശനെ അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ


ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിനെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നുവെന്ന്  കെ.സി വേണുഗോപാൽ. കേരളത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചതെന്നും 102 അംഗങ്ങളുടെ ഭൂരിപക്ഷം സമകാലിക രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ഭരണമായിരിക്കും പുതിയ സർക്കാർ കാഴ്ചവെയ്ക്കുകയെന്നും സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും വ്യക്തമാക്കിയ വേണുഗോപാൽ, സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

'എം.എൽ.എമാരുടെ പിന്തുണ കെ.സി.യ്ക്കായിരുന്നില്ലേ' എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'ഇനി അതിന് പ്രസക്തിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ എപ്പോഴും അംഗീകരിച്ചിട്ടുണ്ടെന്നും ഇപ്പോഴും അതേ നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്. പാർട്ടിക്കു മുകളിൽ വ്യക്തിപരമായ ഒരു ഇമേജും നിർമിക്കാൻ ശ്രമിച്ചിട്ടില്ല. പാർട്ടി പ്രവർത്തകർക്ക് വേദനിക്കുമ്പോൾ എനിക്കും വേദനിക്കും. പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കാനാണ് എപ്പോഴും ആഗ്രഹം,' വേണുഗോപാൽ വ്യക്തമാക്കി.

സൈബർ ഇടങ്ങളിൽ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങളെ താൻ സഹിക്കാമെന്നും എന്നാൽ പാർട്ടിയുടെയും ജനങ്ങളുടെയും താൽപര്യമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 'എന്നെ പിന്തുണച്ചവരും പാർട്ടിയുടെ ഈ തീരുമാനം അംഗീകരിക്കണം' എന്നും വേണുഗോപാൽ അഭ്യർഥിച്ചു.

എം.എൽ.എമാരുടെ പിന്തുണയില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കിയത് മറ്റു സംസ്ഥാനങ്ങളിൽ യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ലെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ പൂർണമായും മാനിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.