25 കിലോമീറ്ററിന് 647 കോടി രൂപ, എന്ത് കണക്കാണിത്?, എസി റോഡ് നിര്‍മ്മാണത്തില്‍ അന്വേഷണം വേണം: മന്ത്രി പി കെ ബഷീര്‍

25 കിലോമീറ്ററിന് 647 കോടി രൂപ, എന്ത് കണക്കാണിത്?, എസി റോഡ് നിര്‍മ്മാണത്തില്‍ അന്വേഷണം വേണം: മന്ത്രി പി കെ ബഷീര്‍


ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് (എസി റോഡ്) നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 647 കോടി ചെലവായത് വിശ്വസനീയമല്ലെന്നും മന്ത്രി പറഞ്ഞു. തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ മാക്കേക്കടവ്- നേരേക്കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജി സുധാകരന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 'കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസി റോഡിന്റെ 25 കിലോമീറ്റര്‍ നിര്‍മാണത്തിനായി 647 കോടി രൂപ ചെലവായി. എന്ത് കണക്കാണിത്? ഇതിനേപ്പറ്റി സമഗ്രമായ വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നാണ് എനിക്ക് പറയാനുള്ളത്'- മന്ത്രി പറഞ്ഞു

എ സി റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. എത്ര മഴപെയ്താലും റോഡില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെടില്ല എന്ന അവകാശവാദമുന്നയിച്ചാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. എന്നാല്‍ മഴക്കാലത്ത് റോഡില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി.