രാജാക്കന്മാരും നാടുവാഴികളും സാധാരണക്കാരും ഒരുപോലെ ബ്രിട്ടിഷ് അധിനിവേശത്തിനെതിരെ പോരാടിയ മണ്ണാണ് കേരളം. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കേരളത്തിന്റെ പങ്കാളിത്തത്തിന് രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ 18-19ാം നൂറ്റാണ്ടുകളിലെ സായുധ ചെറുത്തുനിൽപ്പുകളിൽ തുടങ്ങി കർഷക, തൊഴിലാളി, ദേശീയപ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പടവുകളിലെത്തിയതാണ് കേരളത്തിന്റെ പോരാട്ടചരിത്രം.
പഴശ്ശിരാജ: ബ്രിട്ടിഷുകാർക്കെതിരെ ഗറില്ലാ പോരാട്ടം
കേരളസിംഹം എന്നറിയപ്പെടുന്ന കേരളവർമ പഴശ്ശിരാജയാണ് കേരളത്തിലെ ആദ്യകാല ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളുടെ പ്രധാന നായകൻ. കോട്ടയം രാജവംശത്തിലെ ഭരണാധികാരിയായിരുന്ന പഴശ്ശിരാജ 1793 മുതൽ 1805 വരെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ സായുധ പോരാട്ടം നയിച്ചു. ബ്രിട്ടിഷ് രേഖകളിൽ 'കോട്ടിയോട്ട് യുദ്ധം' എന്നറിയപ്പെട്ട ഈ പോരാട്ടത്തിൽ കുറിച്യർ ഉൾപ്പെടെയുള്ള ഗോത്രവിഭാഗങ്ങളുടെ പിന്തുണയും പഴശ്ശിരാജയ്ക്ക് ലഭിച്ചു.
കമ്പനിയുടെ നികുതി നയത്തെയും മലബാറിലും വയനാട്ടിലും വർധിച്ചുവരുന്ന ഇടപെടലുകളെയും എതിർത്തായിരുന്നു പോരാട്ടം. 1805 നവംബർ 30ന് വയനാട്ടിലെ മാവിലത്തോട്ടിന് സമീപം ബ്രിട്ടിഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് പഴശ്ശിരാജ കൊല്ലപ്പെട്ടത്. കമ്പനിഭരണത്തിനെതിരായ കേരളത്തിലെ ഏറ്റവും ദീർഘകാലം നീണ്ട സായുധ ചെറുത്തുനിൽപ്പുകളിലൊന്നായിരുന്നു ഇത്.
വേലുത്തമ്പി ദളവ: കീഴടങ്ങാതെ മരണം തിരഞ്ഞെടുത്ത ഭരണാധികാരി
തിരുവിതാംകൂറിലെ ദിവാനായിരുന്ന വേലുത്തമ്പി ദളവ ബ്രിട്ടിഷ് ഇടപെടലിനെതിരെ 1808-09ൽ നടത്തിയ പോരാട്ടത്തിലൂടെ ചരിത്രത്തിൽ ഇടം നേടി. ബ്രിട്ടിഷ് റെസിഡന്റ് കേണൽ കോളിൻ മക്കോളെയുടെ അധികാരവ്യാപനത്തെയും ബ്രിട്ടിഷുകാരുടെ ഇടപെടലിനെയും ശക്തമായി എതിർത്തു.
1809 ജനുവരി 11ന് പുറത്തിറക്കിയ കുണ്ടറ വിളംബരം ബ്രിട്ടിഷുകാർക്കെതിരെ ജനങ്ങളെ അണിനിരത്താനുള്ള ആഹ്വാനമായിരുന്നു. സൈനിക പരാജയങ്ങൾക്ക് പിന്നാലെ മണ്ണടിയിൽ ഒളിവിൽ കഴിയേണ്ടിവന്ന വേലുത്തമ്പി ദളവ പിടിയിലാകുന്നതിനുപകരം ജീവനൊടുക്കി. മൃതദേഹം ബ്രിട്ടിഷുകാർ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തു.
കൊച്ചിയിലെ പാരമ്പര്യമായി പ്രധാനമന്ത്രിമാരുടെ കുടുംബാംഗമായ പാലിയത്ത് അച്ചനും വേലുത്തമ്പിക്കൊപ്പം ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്തു. പിന്നീട് ബ്രിട്ടിഷുകാർ അദ്ദേഹത്തെ തടവിലാക്കി മദ്രാസിലേക്കും തുടർന്ന് ബനാറസിലേക്കും നാടുകടത്തി. 1835ൽ അവിടെ മരിച്ചു.
വേലുത്തമ്പിയുടെ സൈനിക കമാൻഡർമാരിൽ പ്രധാനിയായിരുന്നു വൈക്കം പത്മനാഭപിള്ള. ബ്രിട്ടിഷ് സൈന്യത്തിനെതിരായ പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹം 1809ൽ പിടിയിലായി. തുടർന്ന് ബ്രിട്ടിഷുകാർ പരസ്യമായി തൂക്കിലേറ്റി.
സാധാരണക്കാരും പോരാട്ടത്തിന്റെ മുന്നണിയിൽ
20ാം നൂറ്റാണ്ടിലെത്തിയതോടെ സ്വാതന്ത്ര്യസമരം കൂടുതൽ ജനകീയമായി. മലബാറിലെ കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾ ബ്രിട്ടിഷ് ഭരണത്തോടൊപ്പം ജന്മിമാരുടെ ചൂഷണത്തെയും ചോദ്യം ചെയ്തു. തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവാദിത്തഭരണത്തിനായുള്ള പ്രക്ഷോഭങ്ങൾ ശക്തമായി.
കാസർഗോഡ് മേഖലയിലെ കയ്യൂർ കർഷകസമരം ഇതിന്റെ പ്രധാന ഉദാഹരണമാണ്. 1941 മാർച്ചിൽ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മഠത്തിൽ അപ്പു, കൊയിത്തട്ടിൽ ചിരുകണ്ടൻ, പൊടോറ കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ എന്നിവരെ ബ്രിട്ടിഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചു. 1943 മാർച്ച് 29ന് കണ്ണൂർ സെൻട്രൽ ജയിലിൽ നാലുപേരെയും തൂക്കിലേറ്റി.
നെയ്യാറ്റിൻകര വെടിവയ്പ്
തിരുവിതാംകൂറിൽ ഉത്തരവാദിത്തഭരണത്തിനായുള്ള പ്രക്ഷോഭത്തിനിടെയായിരുന്നു നെയ്യാറ്റിൻകര വെടിവയ്പ്. 1938 ഓഗസ്റ്റ് 31ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ആക്ടിങ് പ്രസിഡന്റ് എൻ.കെ. പത്മനാഭപിള്ളയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ പ്രകടനം നടന്നു. ബസ് സ്റ്റാൻഡിന് സമീപം തിരുവിതാംകൂർ സേന നടത്തിയ വെടിവയ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു.
അത്താഴമംഗലം രാഘവൻ എന്ന വീരരാഘവൻ, കല്ലുവിള പൊടിയൻ, നടൂർക്കൊല്ല കൃഷ്ണപിള്ള, വരുവിലകം മുത്തൻപിള്ള, മരുതൂർ വാസുദേവൻ, കാഞ്ചംപഴിഞ്ഞി കുട്ടപ്പൻനായർ, വരുവിലകം പത്മനാഭൻപിള്ള എന്നിവരും കാളി എന്ന സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
ഐഎൻഎയിലും കേരളത്തിന്റെ സാന്നിധ്യം
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിയിലും ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിലും മലയാളികളുടെ സാന്നിധ്യമുണ്ടായിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള 'പെനാങ് ഗ്രൂപ്പി'ലെ അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ടായിരുന്നു.
ബ്രിട്ടിഷുകാർക്കെതിരെ യുദ്ധം നടത്താൻ ഗൂഢാലോചന നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇവരെ വിചാരണ ചെയ്തു. വക്കം അബ്ദുൽ ഖാദറും ആനന്ദനും ഉൾപ്പെടെയുള്ളവർക്ക് വധശിക്ഷ ലഭിച്ചു. 1943 സെ്ര്രപംബർ 10ന് മദ്രാസ് ജയിലിൽ വക്കം അബ്ദുൽ ഖാദറും ആനന്ദനും തൂക്കിലേറ്റപ്പെട്ടു.
വാഗൺ ട്രാജഡി: അടച്ചുമൂടിയ ചരക്കുവണ്ടിയിലെ മരണം
മലബാർ കലാപത്തെ തുടർന്നുണ്ടായ ബ്രിട്ടിഷ് അടിച്ചമർത്തലിന്റെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നാണ് വാഗൺ ട്രാജഡി. 1921 നവംബറിൽ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തടവുകാരെ തിരൂരിൽനിന്ന് മലബാറിന് പുറത്തുള്ള ജയിലുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
ഏകദേശം നൂറോളം തടവുകാരെ അടച്ചുമൂടിയ ചരക്കുവാഗണിൽ കുത്തിനിറച്ചു. പോഡന്നൂരിൽ വാഗൺ തുറന്നപ്പോൾ 64 പേർ മരിച്ചിരുന്നു. പിന്നീട് ആറുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 70 ആയി. മരിച്ചവരിൽ ഭൂരിഭാഗവും മാപ്പിള മുസ്‌ലിം തടവുകാരായിരുന്നു.
കരിവെള്ളൂർ, മൊറാഴ തുടങ്ങിയ മലബാർ പ്രക്ഷോഭങ്ങളിലും നിരവധി പേർ രക്തസാക്ഷികളായി. 1940 സെപ്തംബറിലെ മൊറാഴ പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് യുവപ്രതിഷേധക്കാരും കൊല്ലപ്പെട്ടു.
സിവിൽ നിയമലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ ദേശീയപ്രസ്ഥാനങ്ങളുടെ വിവിധ ഘട്ടങ്ങളിലും കേരളത്തിൽ നിരവധി പേർ പൊലീസ് വെടിവയ്പ്പിലും ഏറ്റുമുട്ടലുകളിലും ജീവൻ നഷ്ടപ്പെടുത്തി.
രാജാക്കന്മാരുടെ വാളുകളിൽനിന്ന് സാധാരണക്കാരുടെ പ്രതിഷേധങ്ങളിലേക്കും, കർഷകസമരങ്ങളിൽനിന്ന് ദേശീയപ്രസ്ഥാനങ്ങളിലേക്കും നീളുന്ന ഈ പോരാട്ടങ്ങളാണ് സ്വാതന്ത്ര്യത്തിന്റെ 80ാം വാർഷികത്തിലും കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ വേറിട്ടുനിർത്തുന്നത്.
സ്വാതന്ത്ര്യസമരത്തിൽ കേരളത്തിന്റെ വീരചരിത്രം; പഴശ്ശിരാജ മുതൽ വാഗൺ ട്രാജഡി വരെ
