തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നുവെങ്കിൽ പത്മ പുരസ്‌കാരം വിനയപൂർവം നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പുരസ്‌കാരം സ്വീകരിക്കണമോ എന്നത് കുടുംബം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പാർട്ടി നേതൃത്വത്തിൽ മുമ്പ് ഉണ്ടായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു, ഹർക്കിഷൻ സിങ് സുര്ജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവർക്ക് പുരസ്‌കാരം ലഭിക്കുമെന്നറിയിച്ചപ്പോൾ ആദ്യം സന്തോഷം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം അത് സ്വീകരിക്കാൻ വിസമ്മതിച്ചതായി ബേബി ഓർമിപ്പിച്ചു.
'പാർട്ടിയുടെ ഭാഗമായി നടത്തിയ പൊതുപ്രവർത്തനത്തിനാണ് സർക്കാർ പുരസ്‌കാരം നൽകുന്നത്. എന്നാൽ അവാർഡ് ലക്ഷ്യമിട്ടുള്ള പ്രവർത്തനം ആയിരുന്നില്ല അവരുടെ രാഷ്ട്രീയ പ്രവർത്തനം. അതുകൊണ്ടാണ് വിനയപൂർവം അവാർഡ് സ്വീകരിക്കില്ലെന്ന് അവർ പറഞ്ഞത്,' ബേബി വിശദീകരിച്ചു.
ഇപ്പോൾ നേരിടുന്ന സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. 'സഖാവ് വി.എസ്. ഇന്ന് ജീവിച്ചിരിക്കുന്നില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടതിന് നന്ദി പറഞ്ഞ് ഈ അവാർഡ് സ്വീകരിക്കുന്ന രീതി ഇല്ലെന്ന് വ്യക്തമാക്കുമായിരുന്നു. ഇപ്പോൾ പ്രതികരിക്കേണ്ടത് കുടുംബമാണ്. കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എം.വി. ഗോവിന്ദനും വി.എസ്.നെ അംഗീകരിച്ചതിൽ സന്തോഷം അറിയിച്ചു. എന്നാൽ അവാർഡ് സ്വീകരിക്കണമോ വേണ്ടയോ എന്നത് രണ്ടാമത്തെ വിഷയമാണ്. അത് കുടുംബം ആലോചിച്ച് തീരുമാനിക്കട്ടെ,' എം.എ. ബേബി കൂട്ടിച്ചേർത്തു.
വി.എസ് ഉണ്ടായിരുന്നുവെങ്കിൽ പത്മ പുരസ്‌കാരം നിരസിച്ചേനെ-എംഎ ബേബി
