തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽനിന്ന് റിപ്പോർട്ട് തേടും. പോലീസിന്റെ ഭാഗത്തുനിന്ന് വൻ സുരക്ഷാവീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഇ.ഡി ഡയറക്ടർ രാഹുൽ നവീനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പോലീസ് സി.പി.എം നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പോലീസ് കൈമാറിയത്. 10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ, പ്രവർത്തകരെ വിട്ടുകൊടുക്കാൻ സി.പി.എം തയ്യാറായിട്ടില്ല.
സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സി.പി.എം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാൻ സി.പി.എം നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പോലീസ് പിൻമാറണമെന്നും സി.പി.എം ആവശ്യപ്പെടുന്നു
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: കേന്ദ്രം റിപ്പോർട്ട് തേടും
