കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവ്

കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവ്


എറണാകുളം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. വിദ്യാർഥികൾക്ക് ഇന്നുമുതൽ ക്ലാസുകളിൽ പ്രവേശിക്കാമെന്നും മുടങ്ങിപ്പോയ പരീക്ഷകൾ എഴുതാൻ സർവകലാശാല പ്രത്യേക പരീക്ഷ നടത്തണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. വൈസ് ചാൻസലർ സിസ തോമസിനും സർവകലാശാല ഭരണസമിതിക്കും കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി.

നിലവിലെ സസ്പെൻഷൻ നടപടികളും അന്വേഷണവും ചട്ടവിരുദ്ധമാണെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെടുത്തതെന്നുമുള്ള വിദ്യാർഥികളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. പുറത്താക്കാനുള്ള കൃത്യമായ കാരണം സസ്പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങളുടെ അഭാവമുണ്ടായിരുന്നെന്നും, അന്വേഷണ സമിതിയിലെ ഒരംഗം നടപടികളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്നും വിദ്യാർഥികൾ കോടതിയെ ബോധിപ്പിച്ചു. ഈ വസ്തുതകൾ പരിഗണിച്ചാണ് സസ്പെൻഷൻ ഉത്തരവ് കോടതി റദ്ദാക്കിയത്. ആവശ്യമെങ്കിൽ സർവകലാശാലയ്ക്ക് വിഷയത്തിൽ പുതിയ അന്വേഷണം നടത്താമെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, അന്വേഷണ കാലയളവിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് കാമ്പസിന് പുറത്തുനിർത്താൻ പാടില്ലെന്നും കർശന നിർദേശം നൽകി.

വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ പരീക്ഷ പോർട്ടൽ തുറന്നുനൽകാതെ സർവകലാശാല ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. തുടർന്ന് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചതോടെ ഹർജി വീണ്ടും സിംഗിൾ ബെഞ്ച് പരിഗണിച്ച് തീർപ്പാക്കാൻ പരമോന്നത കോടതി നിർദേശിച്ചു. ഹൈക്കോടതി വിധി വിദ്യാർഥികൾക്ക് അനുകൂലമായാൽ അവർക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല അന്ന് സുപ്രീം കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷാ ഹാളിൽ പരീക്ഷ നടത്താൻ സർവകലാശാല ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്.

വിദ്യാർഥികൾ ക്ലാസിൽ കയറിയിട്ടില്ലെന്നും മതിയായ ഹാജരില്ലെന്നും ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ചിൽ സർവകലാശാല ഹർജിയെ ശക്തമായി എതിർത്തു. വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ചത് ഗുരുതരമായ വീഴ്ചയും ചട്ടവിരുദ്ധവുമാണെന്ന് അധികൃതർ വാദിച്ചു. എന്നാൽ 84 ദിവസത്തോളം വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടും ഇനിയും അരിശം തീർന്നില്ലേ എന്നും എന്തിന് മാപ്പപേക്ഷ ആവശ്യപ്പെടുന്നു എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ രൂക്ഷമായി ചോദിച്ചു. ഒടുവിൽ ഖേദം പ്രകടിപ്പിച്ചാൽ പരീക്ഷ എഴുതിക്കാം എന്ന നിലപാടിലേക്ക് സർവകലാശാല എത്തിയെങ്കിലും ചെയ്യാത്ത തെറ്റിന് മാപ്പ് പറയാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിൽ വിദ്യാർഥികൾ കാമ്പസിൽ നിരാഹാര സമരം തുടരുകയായിരുന്നു. വിദ്യാർഥികളുടെ ഈ നിലപാട് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.