കനത്ത മഴ തുടരുന്നു, 12 മരണം, 6 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം, കണ്ണൂരിലും പത്തനംതിട്ടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്നു, 12 മരണം, 6 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം, കണ്ണൂരിലും പത്തനംതിട്ടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുന്നു. അതി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 11.5 സെ.മീ മുതൽ 20.4 സെ.മീ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട് കടൽ അതീവ ക്ഷുഭിതമാകാൻ സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ്, കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്തു നിന്നും കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

മഴക്കെടുതിയിൽ സംസ്ഥാനത്തുടനീളം 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. അതേസമയം, പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചവർക്ക് ധനസഹായം നൽകും. വീട് പൂർണമായും ഭാഗികമായും നഷ്‌ടപ്പെട്ടവർക്കും കൃഷി നാശം സംഭവിച്ചവർക്കും കന്നുകാലികളെ നഷ്‌ടപ്പെട്ടവർക്കും പരമാവധി ധനസഹായം നൽകും. ഇന്നലെയാണ് ക്യാമ്പുകൾ തുടങ്ങിയത്. എന്തെങ്കിലും പോരായ്‌മകൾ ഉണ്ടെങ്കിൽ എല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി എപി അനിൽ കുമാർ അറിയിച്ചു.

വെള്ളത്തിൻ്റെ കൂടെ ഒഴുകിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. 2018 പ്രളയത്തിൻ്റെ സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ല. പൊന്നാനിയിൽ ഉൾപ്പെടെ തീരദേശ മേഖലയിൽ മാറി താമസിക്കുന്ന കുടുംബങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഇന്നലെ മലപ്പുറം ജില്ലയിൽ ഉണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾമരിച്ചത് ഏറെ ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ പരമാവധി വീടുകളിൽ തന്നെ നിർത്തുക. ഇക്കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണം.

മത്സ്യത്തൊഴിലാളി മേഖലയിൽ എല്ലാ ആനുകൂല്യങ്ങളും നൽകും. ഒരു വീഴ്‌ചയും സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകും. വെള്ളം കയറിയ പ്രദേശങ്ങളിൽ ക്ലീനിങ്ങിന് നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.