തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9) അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാർ അവധി ഉത്തരവിറക്കിയത്.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതിതീവ്ര മഴയും റെഡ് അലർട്ടും, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
