മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും; അറസ്റ്റ് തടയാതെ കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും; അറസ്റ്റ് തടയാതെ കോടതി


തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ജാമ്യംതേടി  രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ അപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം വാദം നീണ്ടു. മുന്‍കൂര്‍ ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കരുതെന്നുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നും, ഇതുവരെ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും, വാട്‌സ് ആപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദത്തിനിടെ ഉന്നയിച്ച ഒരു രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടന്നുവെന്നും, ഇതിനു തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും, കേസിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്നും രാഹുലിന്റെ അഭിഭാഷന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. പരാതിക്ക് പിന്നില്‍ സിപിഎംബിജെപി ഗൂഢാലോചനയാണ്. വോയ്‌സ് റെക്കോര്‍ഡ് ഗൂഢാലോചനയുടെ ഭാഗമാണ്. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതി തന്നെയാണ്. പരാതി നല്‍കാന്‍ യുവതിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.