ഹർഷീനയ്ക്ക് ഒടുവിൽ ആശ്വാസം; ജോലിയും നഷ്ടപരിഹാരവും ഉറപ്പ് നൽകി സർക്കാർ

ഹർഷീനയ്ക്ക് ഒടുവിൽ ആശ്വാസം; ജോലിയും നഷ്ടപരിഹാരവും ഉറപ്പ് നൽകി സർക്കാർ


തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വർഷങ്ങളോളം നിയമപോരാട്ടം നടത്തിയ ഹർഷീനയ്ക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും നൽകുമെന്ന് ഉറപ്പ് നൽകി. മുഖ്യമന്ത്രി വി.ഡി.സതീശനെയും ആരോ​ഗ്യമന്ത്രി കെ.മുരളീധരനെയും സന്ദർശിച്ച് ഹർഷീന ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനമെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലി നൽകുമെന്ന് ആരോ​ഗ്യമന്ത്രി ഉറപ്പ് നൽകിയതായി ഹർഷീന മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. 

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ചികിത്സ പിഴവിന് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ചുനിന്നത്. മൂത്രസഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സി.ടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ചുനിൽക്കുന്നത് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. 

ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ മുൻ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുകയും സമരം ചെയ്യുകയും ചെയ്തിട്ടും ആവശ്യം അം​ഗീകരിക്കാൻ പിണറായി സർക്കാർ തയ്യാറായിരുന്നില്ല.