മലപ്പുറം: അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ശ്രദ്ധേയ വിജയത്തിന് നന്ദി അറിയിക്കാൻ മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചു. തിരഞ്ഞെടുപ്പിൽ ലഭിച്ച വലിയ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പിന്തുണ നിർണായകമായിരുന്നുവെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിലെ 195 ബൂത്തുകളിൽ 72 എണ്ണം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നുവെന്നും അവിടങ്ങളിൽ 60 മുതൽ 95 ശതമാനം വരെ വോട്ടുകൾ തനിക്ക് അനുകൂലമായി ലഭിച്ചതായും സുധാകരൻ വ്യക്തമാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം ബൂത്തുകളിലും ലീഡ് നേടാൻ കഴിഞ്ഞതിനു പിന്നിൽ പാണക്കാട് തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സജീവ ഇടപെടലുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക നേതാക്കളുമായി ഇരുവരും നിരന്തരം ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതാണ് വലിയ വിജയത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന സമൂഹമാണ് മുസ്ലിം വിഭാഗമെന്നും, എതിർ സ്ഥാനാർത്ഥി മുസ്ലിം പേരുകാരനായിരുന്നിട്ടും തനിക്ക് 28,000ലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതാണ് അതിന്റെ തെളിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പലപ്പുഴയിലെ വിജയത്തിന് പിന്നാലെ ജി. സുധാകരൻ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചു
