വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം


തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കുമെന്നും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കും എന്നത് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായത്. 

യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്ക പരാമര്‍ശിച്ചാണ് പ്രസംഗം ആരംഭിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്ചവെക്കും. ഉദ്യോഗസ്ഥ തലത്തില്‍ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുന്‍തൂക്കം നല്‍കും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് വ്യക്തമായ ചിത്രം നല്‍കും. സേവന മേഖലയില്‍ നിന്ന് പിന്മാറില്ലെന്നും കേന്ദ്രസര്‍ക്കാരുമായി പരമാവധി സഹകരിക്കുമെന്നും ന്യായവും അര്‍ഹവുമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.  

ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്നറിയിച്ചു. റോഡ്- ജല- വ്യോമ ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും. മനുഷ്യ- മൃഗ സംഘര്‍ഷ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും. വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാര്‍ക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി. 

തിയേറ്റര്‍ മേഖലക്ക് പ്രോത്സാഹനം നല്‍കും. രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റ് അനുവദിക്കുമെന്നും ഗവര്‍ണറുടെ പ്രസംഗത്തില്‍ വ്യക്തമാക്കി.

ഗവര്‍ണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേ മാതരം മുഴുവന്‍ വായിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി. കേരള പൊലീസിന്റെ ബാന്റ് വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിര്‍ത്തി. റിഹേഴ്‌സല്‍ കണ്ടപ്പോള്‍ തന്നെ വന്ദേ മാതരം മുഴുവന്‍ പാടാന്‍ ലോക് ഭവന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചില്ല.