പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തുടര്‍ നടപടികളുണ്ടാകില്ല

പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍;  തുടര്‍ നടപടികളുണ്ടാകില്ല


തിരുവനന്തപുരം : പോറ്റിയേ... കേറ്റിയേ... പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍. പാരഡി ഗാനവുമായി ബന്ധപ്പെട്ട് പുതിയ കേസുകളോ നടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് പൊലീസിന് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് പുതിയ കേസുകള്‍ എടുക്കേണ്ടതില്ലെന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് നിര്‍ദേശം. നേരത്തെ എടുത്ത കേസുകളും പിന്‍വലിച്ചേക്കും. പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതും ഒഴിവാക്കിയേക്കും.

അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും പാട്ട് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസാദ് കുഴിക്കാലയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ. സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പാരഡി ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമത്തില്‍നിന്ന് നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മെറ്റയ്ക്ക് കത്തു നല്‍കിയിരുന്നു.