തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് അതൃപ്തി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഇത്തരം യോഗങ്ങൾ ചേരേണ്ടതുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നല്‍കി.
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച കാര്യം മാധ്യമ വാര്‍ത്തകളിലൂടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആരാഞ്ഞു.
ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു യോഗം ചേര്‍ന്നതിലുള്ള സര്‍ക്കാരിന്റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
'അത് ശരിയായില്ല', അറിയിക്കാതെ ഗവര്‍ണര്‍ യോഗം വിളിച്ച സംഭവത്തില്‍ സര്‍ക്കാരിന് അതൃപ്തി; ലോക്ഭവന് കത്ത്
