തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്) ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു. കെഎഎസിന്റെ ചട്ടങ്ങളിൽ ഭേദഗതിവരുത്താനാണ് സർക്കാർ നീക്കം. ഇതിനായി കരട് വിജ്ഞാപനം പുറത്തിറക്കി.
29 വകുപ്പുകളിലെ ഒഴിവുകൾ മാറ്റിവെക്കണമെന്ന പ്രധാനചട്ടം ഒഴിവാക്കും. ഈ വകുപ്പുകളിലെ 10% രണ്ടാം ഗസറ്റഡ് തസ്തികകൾ കെഎഎസിന് മാറ്റിവെക്കണമെന്നായിരുന്നു ചട്ടം. ഇതാണ് ഒഴിവാക്കുന്നത്. ഇനി ഏത് തസ്തികയിൽ നിയമിക്കണമെന്നത് സർക്കാരിന് തീരുമാനിക്കാം. അതുപോലെ എട്ടുവർഷം സർവീസ് പൂർത്തിയാക്കിയാൽ ഐഎഎസിന് പരിഗണിക്കണമെന്ന ചട്ടവും ഒഴിവാക്കും. മുൻകാല പ്രാബല്യത്തോടെയാണ് ചട്ടഭേദഗതി വരുന്നത്. അതിനാൽ കെഎഎസ് ആദ്യ ബാച്ചിലുള്ളവർക്കും ഇത് ബാധകമാകും.
2018ലെ കെഎഎസ് സ്‌പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം, കേഡര്‍ ഘടന, സ്ഥാനക്കയറ്റം, പരിശീലനം, ശമ്പളം തുടങ്ങിയ മേഖലകളിലാണ് പ്രധാന മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. നിലവിലെ നിയമനരീതിയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിടുന്ന ഭേദഗതി ഉദ്യോഗാര്‍ഥികളെയും നിലവില്‍ സര്‍വീസിലുള്ള കെഎഎസ് ഉദ്യോഗസ്ഥരെയും ഒരുപോലെ ബാധിച്ചേക്കും.
പുതിയ ഭേദഗതിയുടെ ഭാഗമായി 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളില്‍ 10 ശതമാനം കെഎഎസിനായി മാറ്റിവയ്ക്കണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കാനാണ് നിര്‍ദേശം. പകരം, ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം തസ്തികകളിലാണ് കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതെന്ന് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ തീരുമാനിക്കും. ഇതോടെ കെഎഎസില്‍ ഉള്‍പ്പെടുത്തുന്ന തസ്തികകളുടെ കാര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിക്കും. ഇതിലൂടെ പുതിയ തസ്തികകള്‍ കണ്ടെത്തി കെഎഎസ് നിയമനത്തിന് അവസരമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.
കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ ഐഎഎസിലേക്ക് പരിഗണിക്കാമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കാനാണ് കരടിലെ നിര്‍ദേശം. ഇത് നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരെയും ഭാവിയില്‍ കെഎഎസിലേക്ക് എത്തുന്നവരെയും സംബന്ധിച്ച് പ്രധാനപ്പെട്ട മാറ്റമാണ്.
കെഎഎസ് നിയമനത്തിനുള്ള മത്സരപരീക്ഷയുടെ രീതി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പ്രത്യേക ഉത്തരവുകളിലൂടെ തീരുമാനിക്കും. ഇക്കാര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷനുമായി കൂടിയാലോചന നടത്തണമെന്നും നിര്‍ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കേണ്ട വകുപ്പുതല പരീക്ഷകളും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും.
പുതിയ പട്ടികയിലുള്ളവർക്ക് നിയമനം നൽകാനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, കെഎഎസിന്റെ പ്രധാന്യം ഇല്ലാതാക്കുന്ന തീരുമാനമാണിതെന്ന് ഉദ്യോഗാർഥികളും ആരോപിക്കുന്നുണ്ട്.
കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരിഗണിക്കില്ല
