മെർക്കുറി അടങ്ങിയ ഫെയ്‌സ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം: മുഖ്യമന്ത്രിയുടെ ഇടപെടൽ; പരിശോധനയ്ക്ക് പ്രത്യേക സംഘം പരിഗണനയിൽ

മെർക്കുറി അടങ്ങിയ ഫെയ്‌സ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം: മുഖ്യമന്ത്രിയുടെ ഇടപെടൽ; പരിശോധനയ്ക്ക് പ്രത്യേക സംഘം പരിഗണനയിൽ


തിരുവനന്തപുരം: ​മെർക്കുറി അടങ്ങിയ സൗന്ദര്യവർധക ഫെയ്സ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടികൾക്കും അന്വേഷണത്തിനുമായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയും മെർക്കുറി വിഷബാധയും ആരോഗ്യമേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സർക്കാർ തലത്തിൽ ഇടപെടൽ ശക്തമാകുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റും അനധികൃതമായി വിറ്റഴിക്കുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉറവിടം കണ്ടെത്താനും വിൽപ്പന ശൃംഖല തകർക്കാനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുന്ന കാര്യമാണ് സര്‍ക്കാരിൻ്റെ പരിഗണനയിലുള്ളത്.

സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ ആരോഗ്യവകുപ്പും ഡ്രഗ്സ് കൺട്രോൾ വിഭാഗവും നേരത്തെ തന്നെ 'ഓപ്പറേഷൻ സൗന്ദര്യ' അടക്കമുള്ള പരിശോധനകൾ നടത്തിവരുന്നുണ്ട്. പുതിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കാനാണ് നീക്കം. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതോടെ ക്രീം കമ്പനിക്കെതിരെ ഡിജിപിക്കും ഉപഭോക്തൃ കോടതിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം.

​മലപ്പുറം അരീക്കോട് സ്വദേശിയായ പെൺകുട്ടി ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ഓൺലൈനായി വാങ്ങി ഉപയോഗിച്ച ഫെയ്സ് ക്രീമിലാണ് അപകടകരമായ അളവിൽ മെർക്കുറി (രസം) കണ്ടെത്തിയത്. ഏകദേശം ഒരു വർഷത്തോളം ക്രീം ഉപയോഗിച്ചതിന് പിന്നാലെ ക്ഷീണം, ഓർമക്കുറവ്, ഉറക്കക്കുറവ്, രക്തസമ്മര്‍ദം കുറയുക, തലകറക്കം, കൈകാലുകളിലും മുഖത്തും നീര് എന്നിവ കണ്ടുതുടങ്ങി. പരിശോധനയിൽ രക്തത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായും വൃക്കകളെ ബാധിക്കുന്ന 'മെംബ്രനസ് നെഫ്രോപതി' എന്ന ഗുരുതരാവസ്ഥയുമാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ അനുവദനീയമായതിലും പതിനായിരക്കണക്കിന് മടങ്ങ് അധികം മെർക്കുറി (12,500 PPM / 1.25%) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സാധാരണയായി അനുവദനീയമായ പരിധി 1 PPM-ൽ താഴെയാണ്. വിവാദങ്ങൾക്ക് പിന്നാലെ ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായതായും റിപ്പോർട്ടുകളുണ്ട്.

മുന്നറിയിപ്പുമായി ​ആരോഗ്യവിദഗ്ധര്‍

​ചർമത്തിൽ പുരട്ടുന്ന ക്രീമുകളിലെ മെർക്കുറി ചര്‍മത്തിലൂടെ രക്തത്തിൽ കലർന്ന് വൃക്കകളിൽ അടിഞ്ഞുകൂടുകയും വൃക്കസ്തംഭനത്തിനും കേന്ദ്രനാഡീവ്യവസ്ഥയുടെ തകരാറുകൾക്കും വരെ കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പെട്ടെന്നുള്ള നിറം വാഗ്ദാനം ചെയ്യുന്ന, കൃത്യമായ ലൈസൻസോ ചേരുവകളുടെ വ്യക്തമായ വിവരങ്ങളോ ഇല്ലാത്ത ഉൽപ്പന്നങ്ങൾ സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ട് വാങ്ങി ഉപയോഗിക്കരുതെന്നും ചർമപ്രശ്നങ്ങൾക്ക് അംഗീകൃത ചർമരോഗ വിദഗ്ധൻ്റെ ഉപദേശം മാത്രം തേടണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.