കലൂരിൽ യുവതികൾക്ക് നേരെ അതിക്രമം; ലൈംഗികാതിക്രമശ്രമവും മർദനവും, മൂന്നുപേർ അറസ്റ്റിൽ

കലൂരിൽ യുവതികൾക്ക് നേരെ അതിക്രമം; ലൈംഗികാതിക്രമശ്രമവും മർദനവും, മൂന്നുപേർ അറസ്റ്റിൽ


കൊച്ചി: കലൂരിൽ രണ്ട് യുവതികൾക്ക് നേരെ സംഘം ചേർന്ന് ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശികളും കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരുമായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ പാലക്കാട് സ്വദേശി അക്ബറിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇയാളുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെ ചക്കാലപ്പാടം റോഡിലായിരുന്നു സംഭവം. പാർട്ട് ടൈം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന രണ്ട് യുവതികളോട് റോഡരികിൽ നിന്നിരുന്ന സംഘം ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്.

യുവതികളെ തടഞ്ഞുനിർത്തിയ സംഘം മൊബൈൽ ഫോൺ ബലമായി പിടിച്ചെടുത്ത് നിലത്തെറിഞ്ഞ് തകർത്തു. ഫോൺ തിരിച്ചെടുക്കാൻ ശ്രമിച്ച യുവതിയെ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തതായി പരാതിയുണ്ട്. യുവതി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറാനും സംഘം ശ്രമിച്ചതായും കഴുത്തിൽ ഉൾപ്പെടെ പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലേക്ക് ഓടിയ യുവതികളെ പിന്തുടരാനും അക്രമിസംഘം ശ്രമിച്ചു. നിരവധി ഹോസ്റ്റലുകളും പിജി താമസസൗകര്യങ്ങളും പ്രവർത്തിക്കുന്ന പ്രദേശത്താണ് സംഭവം നടന്നത്. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതികൾ ബഹളം വച്ചതോടെ അക്രമിസംഘം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും ആക്രമണത്തിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.