''മുഖ്യമന്ത്രി ആരായാലും പ്രശ്‌നമില്ല; സതീശനേക്കാൾ സീനിയറായവർ പാർട്ടിയിൽ ഉണ്ട് '' - സുകുമാരൻ നായർ

''മുഖ്യമന്ത്രി ആരായാലും പ്രശ്‌നമില്ല; സതീശനേക്കാൾ സീനിയറായവർ പാർട്ടിയിൽ ഉണ്ട് '' -  സുകുമാരൻ നായർ


കോട്ടയം: സംസ്ഥാനത്ത് മുഖ്യമന്ത്രിയാരാകണമെന്ന വിഷയത്തിൽ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായ പരോക്ഷ നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്. കേരളത്തിൽ ആര്് മുഖ്യമന്ത്രിയായാലും സംഘടനയ്ക്ക് പ്രത്യേക അഭിപ്രായമില്ലെങ്കിലും, പരിചയസമ്പന്നരെയും കഴിവുള്ളവരെയും മുൻനിർത്തിയാണ് തീരുമാനം ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേക്കാൾ സീനിയർമാർ കോൺഗ്രസിനുള്ളിൽ ഉണ്ടെന്ന സൂചനയും അദ്ദേഹം നൽകി.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് സുകുമാരൻ നായർ വിലയിരുത്തി. ജനങ്ങൾ മാറ്റം ആഗ്രഹിച്ചാണ് വോട്ട് രേഖപ്പെടുത്തിയതെന്നും, ഇത് ഒരു പാർട്ടിയുടെ വിജയം മാത്രമല്ല, ജനങ്ങളുടെ കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഈ വിജയത്തിൽ കോൺഗ്രസുകാർക്ക് മാത്രം അവകാശവാദം ഉന്നയിക്കാനാവില്ല. രാഷ്ട്രീയം മറന്ന് ജനങ്ങൾ എടുത്ത തീരുമാനമാണ് ഇത്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് എൻഎസ്എസിന് നിർദ്ദിഷ്ടമായ പേരൊന്നുമില്ലെന്നും, അതു തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും സുകുമാരൻ നായർ പറഞ്ഞു. എന്നിരുന്നാലും, നിലവിലുള്ള ചില നിലപാടുകളോട്, പ്രത്യേകിച്ച് വി.ഡി. സതീശന്റെ സമീപനങ്ങളോട്, തനിക്കിപ്പോഴും വിയോജിപ്പുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. എന്നാൽ, അതിൽ തിരുത്തൽ ആവശ്യപ്പെടാൻ താൻ തയ്യാറല്ലെന്നും വ്യക്തമാക്കി.

പത്തനാപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആരെ ജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോ നിർദ്ദേശം നൽകിയയില്ലെന്നും, സമദൂരം പാലിക്കുന്നതാണ് എൻഎസ്എസിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. സംഘടന എപ്പോഴും രാഷ്ട്രീയ പാർട്ടികളോടു സമദൂരമാണ് പാലിക്കുന്നതെന്നും, അതേ നിലപാടാണ് ഇക്കുറിയും സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

സർക്കാരിനോട് അനാവശ്യമായ ആവശ്യങ്ങൾ എൻഎസ്എസ് ഉന്നയിക്കാറില്ലെന്നും, പ്രത്യേക പരിഗണനകൾ തേടിയിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സംഘടനയുടെ നിലപാട് എന്നും സ്വതന്ത്രവും സമത്വപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ സുകുമാരൻ നായരുടെ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെക്കുകയാണ്.