കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയാക്കാനുള്ള കീഴ്‌വഴക്കങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നും കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
എന്തായാലും കോണ്‍ഗ്രസിന്റെ തീരുമാനം കഷ്ടമായി പോയി. ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനമാണ് ഇപ്പോള്‍ കൈകൊണ്ടത്. ഇത് പറയാന്‍ ഇത്ര താമസിപ്പിക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ സമ്മര്‍ദം ചെലുത്തിയത് ശരിയല്ലെന്നും ലീഗ് ഭരണത്തില്‍ പിടി മുറുക്കും എന്നതിന് തെളിവാകുന്ന തീരുമാനമാണ് ഇതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ അഭിപ്രായം വി.ഡി. സതീശന്‍ ആണെന്ന് ആരാണ് കൗണ്ട് ചെയ്തത് എന്നും സുകുമാരന്‍ നായര്‍ ചോദ്യമുന്നയിച്ചു. ഘടകകക്ഷികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ചേരുന്നതല്ല. മൂന്ന് പേര്‍ വന്നതുകൊണ്ട് അനുകൂലിക്കാനോ എതിര്‍ക്കാനോ പാടില്ലായിരുന്നു. ആര് വന്നാലും സ്വീകരിക്കണം. അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഘടകകക്ഷികളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ പ്രഖ്യാപനം കുറച്ചുകൂടി നേരത്തേയാകുമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ രാവിലെ പറഞ്ഞിരുന്നു.
കീഴ് വഴക്കം പാലിച്ചില്ല; കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങിയെന്ന് സുകുമാരന്‍ നായര്‍
