ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇന്ന് പതിനൊന്ന് മണിക്ക് വിളിച്ചു ചേർന്ന വാർത്താ സമ്മേളനത്തിലാണ് ജി സുധാകരന്റെ നിർണായക പ്രഖ്യാപനം. തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച ജി സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു. ഹൈസ്‌കൂൾ കാലത്താണ് പാർട്ടിയിൽ ചേർന്നത്.
മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാർത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാർട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. തന്റെ അച്ഛന് വരെ ചില പാർട്ടി അംഗങ്ങൾ പറഞ്ഞു. മർദനങ്ങൾ ഏറ്റുവാങ്ങിയാണ് പാർട്ടി പ്രവർത്തനം നടത്തിയത്. സജി ചെറിയാനെതിരെയും ജി സുധാകരൻ വിമർശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാർത്ഥ പാർട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണം
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ ജി. സുധാകരൻ
