റെജിക്ക് പണത്തിന്റെ പേരിലുള്ള അഹങ്കാരമെന്ന് ജി.സുധാ​കരൻ, എം.എൽ.എമാരുടെ രാജാവാകാൻ ശ്രമിക്കേണ്ടെന്ന് റെജി; പരസ്പരം പോരടിച്ച് യു.ഡി.എഫ് എം.എൽ.എമാർ

റെജിക്ക് പണത്തിന്റെ പേരിലുള്ള അഹങ്കാരമെന്ന് ജി.സുധാ​കരൻ, എം.എൽ.എമാരുടെ രാജാവാകാൻ ശ്രമിക്കേണ്ടെന്ന് റെജി; പരസ്പരം പോരടിച്ച് യു.ഡി.എഫ് എം.എൽ.എമാർ


ആലപ്പുഴ: കുട്ടനാട് എം.എൽ.എ റെജി ചെറിയാനെതിരേ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെ ജി.സുധാകരൻ എം.എൽ.എയ്ക്കെതിരേ തിരിച്ചടിയുമായി റെജി ചെറിയാൻ രം​ഗത്ത്. അമ്പലപ്പുഴയിലെ തോട്ടപ്പള്ളി സ്പിൽവെയിലും പൊഴിയിലും തന്നെ അറിയിക്കാതെ റെജി ചെറിയാൻ സന്ദർശനം നടത്തിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഒരു എം.എൽ.എ മറ്റൊരു എം.എൽ.എയ്ക്ക് മുകളിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. 

റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണ്. നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ റെജി ചെറിയാന്‍ ശിക്ഷിക്കപ്പെടും. റെജി ചെറിയാന്‍ വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹം കാണില്ല. അവിടെ വെള്ളമടിക്കാന്‍ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താൻ. ഒരു രാഷ്ട്രീയവുമില്ലാതെ നാലഞ്ച് പാര്‍ട്ടി മാറി ഇപ്പോള്‍ എം.എല്‍.എ ആയ ആള്‍ ഞാനറിയാതെയാണ് തോട്ടപ്പള്ളി സന്ദര്‍ശിച്ചത്. അതും ആദ്യമായി എം.എല്‍.എ ആകുന്നയാള്‍. ജലസേചന വകുപ്പു മന്ത്രിയുടെ ആളാണ്. സ്പില്‍വേയില്‍ തകര്‍ന്നു കിടക്കുന്ന ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എം.എല്‍.എയ്ക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു.

ഇതിന് ജി.സുധാകരന്‍ ഇപ്പോഴും സി.പി.എമ്മിലാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും താൻ ആരുടേയും അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചിട്ടില്ലെന്നും റെജി ചെറിയാൻ മറുപടിയായി പ്രതികരിച്ചു. താന്‍ തോട്ടപ്പള്ളിയില്‍ പോയത് മണ്ണുവാരിക്കൊണ്ടു പോകാനല്ല. ഈ പറഞ്ഞ മഹാന്‍ മന്ത്രിയായിരുന്ന കാലത്തും അവിടെ നിന്നും കരിമണല്‍ കൊണ്ടുപോയിരുന്നുവെന്നും റെജി ചെറിയാന്‍ ആരോപിച്ചു. 

കാലാവസ്ഥ പ്രവചനം അനുസരിച്ച് അടുത്ത അഞ്ചാറു ദിവസം മഴയാണെന്നാണ് അറിയിപ്പ്. കുട്ടനാട്ടെ എം.എല്‍.എ എന്ന നിലയില്‍ തോട്ടപ്പള്ളി പൊഴി മുറിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ആലപ്പുഴ ജില്ലയിലെ ഏതു എഞ്ചിനീയറെ വിളിക്കാനുള്ള അവകാശവും കുട്ടനാട്ടെ എം.എല്‍.എയ്ക്കുണ്ട്. അതനുസരിച്ച് വിളിച്ചു. അവിടെ വേണ്ട നടപടികള്‍ ആരാഞ്ഞു. അടുത്ത ദിവസം അമ്പലപ്പുഴ എം.എല്‍.എ അടക്കം എല്ലാവരുടേയും യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നു. അതല്ലാതെ ഏതെങ്കിലും നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുകയോ, വേറൊരാളുടെ മണ്ഡലത്തില്‍ കടന്നുകയറി ചെയ്യുകയോ ചെയ്തിട്ടില്ല. വ്യക്തിഹത്യ ചെയ്യുന്നത് നോക്കിക്കണ്ട് ചെയ്താല്‍ കൊള്ളാം. ഇതു യു.ഡി.എഫാണ്. ജനാധിപത്യ പാര്‍ട്ടിയാണ്. ഇവിടെ എന്റെയോ വേറെ ഏതെങ്കിലും എം.എല്‍.എയുടേയോ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട. അതിനു സമ്മതിക്കില്ല. അതിനു നിന്നുകൊടുക്കുകയുമില്ല. തന്നെ വ്യക്തിപരമായി പറഞ്ഞാല്‍ ശക്തമായ ഭാഷയില്‍ തിരിച്ചു പറയുമെന്നും റെജി ചെറിയാന്‍ പറഞ്ഞു.