തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ പദ്ധതി നടപ്പിലാക്കും. ആദ്യത്തെ 100 ദിവസം പദ്ധതി പരീക്ഷണഘട്ടത്തിലായിരിക്കുമെന്നും അതിനുശേഷം കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.
ഇന്ദിരാ ഗ്യാരന്റി പ്രകാരമുള്ള ഈ പദ്ധതി 'പ്രിയദര്‍ശിനി' എന്ന പേരില്‍ അറിയപ്പെടും. വരുമാനം, പ്രായം എന്നിവ കണക്കാക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ഡെന്‍ഡേഴ്‌സിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിക്ക് മാസം 65-70 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒരു വര്‍ഷം ഇത് 800 കോടിയ്ക്ക് അടുത്തുവരും.
കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത പരിഹരിക്കാനായി സര്‍ക്കാര്‍ ഈ പണം കോര്‍പ്പറേഷന് അനുവദിക്കും. നിലവില്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ വർഷം 1500 കോടി രൂപ നല്‍കുന്നുണ്ട്. ഇതുകൂടാതെ, സൗജന്യ യാത്രയ്ക്ക് വേണ്ടി വരുന്ന സാമ്പത്തിക ബാദ്ധ്യത നികത്താനുള്ള പണം കൂടി സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ പറഞ്ഞു. സർക്കാർ സൗജന്യ സർവീസ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി നാളെ തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും ടി.ഗോപിനാഥൻ അറിയിച്ചു.
സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍, ബാദ്ധ്യതയാകുന്ന 70 കോടി പ്രതിമാസം സർക്കാർ നൽകും
