തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു. വ്യാഴാഴ്ച മലപ്പുറത്ത് വെച്ചായിരുന്നു തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം അദ്ദേഹത്തിന്റെ ഔദ്യോഗിക മൊഴി രേഖപ്പെടുത്തിയത്. മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഈ ചോദ്യം ചെയ്യൽ നീണ്ടുനിന്നു.
ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. അബ്ദുറഹിന്റെ മൊഴി ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്തു അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അർജന്റീന ടീമിനെ എത്തിക്കുന്നതിനുള്ള സ്പോൺസർഷിപ്പ് കരാർ ടെൻഡർ നടപടികളില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലഭിച്ചതെങ്ങനെ, ഇതിൽ കായിക വകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടലുകൾ, ചർച്ചകൾക്കായി മന്ത്രി നടത്തിയ വിദേശയാത്രകൾ, ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഒരു എയ്ഡഡ് കോളേജ് അധ്യാപിക ഇടനിലക്കാരിയായത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.
മുന്‍ കായിക മന്ത്രിയുടെ സ്‌പെയിനിലേക്കുള്ള യാത്രയടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നു. എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി വി അബ്ദുറഹിമാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സർക്കാർ സ്പോൺസർ ചെയ്ത പദ്ധതിയെന്ന രീതിയിലാണ് താൻ ഇതിൽ ഇടപെട്ടതെന്നും നടപടികൾ വേഗത്തിലാക്കാൻ മന്ത്രിയെന്ന നിലയിൽ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വി. അബ്ദുറഹിമാൻ നൽകിയ മൊഴി. സാമ്പത്തിക ഇടപാടിൽ ഒരു തെറ്റും നടന്നിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ കോടികളുടെ നികുതിവെട്ടിപ്പ് നടന്നിരുന്നതായാണ് വിവരം. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറിവോടെയാണോ വെട്ടിപ്പ് നടന്നതെന്ന് കാര്യം അന്വേഷണസംഘം പരിശോധിക്കുകയാണ്. കഴിഞ്ഞയിടെ ജിഎസ്ടി ഉദ്യോഗസ്ഥരെ എസ് ഐ ടി ചോദ്യം ചെയ്തിരുന്നു. ജിഎസ്ടി ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സര്‍ക്ക് വഴിവിട്ട സഹായം ചെയ്തിരുന്നതായി വിവരങ്ങള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. കേസിൽ നിലവിൽ വി. അബ്ദുറഹിമാനെ പ്രതി ചേർത്തിട്ടില്ല. ആരോപണവിധേയമായ വിഷയം എന്ന നിലയിലാണ് മൊഴിയെടുത്തത്. ശേഖരിച്ച വിവരങ്ങളും മൊഴികളിലെ വൈരുധ്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും കേസിൽ മുൻ മന്ത്രിയെ പ്രതിയാക്കണമോ എന്നതിൽ എസ്‌ഐടി അന്തിമ തീരുമാനമെടുക്കുക
മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ്‌ഐടി
