ഭക്തിഗാനങ്ങളുടെ പ്രിയകവി ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

ഭക്തിഗാനങ്ങളുടെ പ്രിയകവി ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു


കോട്ടയം: പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്തെ ശ്രദ്ധേയ ഗാനരചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി (77) അന്തരിച്ചു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം.
വിൻസെൻഷ്യൻ സഭ സെന്റ് ജോസഫ് പ്രൊവിൻസംഗവും വചനപ്രഘോഷകനും സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന അദ്ദേഹം 1974 ഡിസംബർ 19ന് വൈദികനായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ', 'നിത്യത തീർക്കുന്ന നിമിഷങ്ങളിൽ', 'ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ', 'പിതാവേ അനന്ത നന്മയാകും' തുടങ്ങി 700ലേറെ ഗാനങ്ങളുടെ രചയിതാവാണ്. അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രം, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ എന്നിവയുടെ ഡയറക്ടറായും വിവിധ ആശ്രമങ്ങളിൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു.
'വചനോത്സവം' മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം സിറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ടെക്സ്റ്റ് തയ്യാറാക്കിയ കമ്മിറ്റിയിലും അംഗമായിരുന്നു. കെസിബിസി, ശാലോം മീഡിയ, സിസിലിയൻ, ഗുഡ്‌നസ് മീഡിയ, ലൂമിനസ് അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്തീനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്.