ഇടുക്കി: കേരളത്തെ തകർത്ത പ്രളയം മനുഷ്യ നിർമിതമാണെന്ന ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികളുടെ ലാഭത്തിനായി തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് വൈകിപ്പിച്ചുവെന്നാണ് ആരോപണം.
വാർത്താസമ്മേളനത്തിൽ മാത്യു കുഴൽനാടൻ, നിലവിലെ മന്ത്രി കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പിൽവേ സമയത്ത് തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ലഭിക്കാനാണെന്നും, അതിലൂടെ പിന്നീട് ചെങ്ങന്നൂരിൽ ഉണ്ടായ പ്രളയത്തിന് കാരണമായെന്നുമാണ് ശബ്ദരേഖയിലെ ഉള്ളടക്കം.
മേരിമാതാ കൺസ്ട്രക്ഷൻ എന്ന സ്വകാര്യ സ്ഥാപനത്തിന് ഗുണം ചെയ്യാൻ സ്പിൽവേ തുറക്കുന്നത് ഏകദേശം ഒരു മാസം വൈകിപ്പിച്ചുവെന്നാണ് ആരോപണം. സ്പിൽവേ തുറക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും അനുമതി നൽകിയില്ലെന്നും ശബ്ദരേഖയിൽ പറയുന്നു.
അതേസമയം, ഈ ആരോപണങ്ങൾ തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തി. പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെന്നും, കൃത്രിമ ബുദ്ധി (എആ) ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ആരോപണമാണ്. ഈ വിവരം എന്തുകൊണ്ട് മാത്യുകുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു. പ്രളയം അതിവർഷം മൂലം സംഭവിച്ചതാണ്. ഇക്കാര്യം ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ സ്ഥിരീകരിച്ചിട്ടുള്ളതാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യുകുഴൽ നാടനൊപ്പം പ്ത്രസമ്മേളനത്തിനുവന്നയാൾ തന്റെ സ്റ്റാഫ് അംഗമായിരുന്നില്ലെന്നും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ മുൻ പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു.
