തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബി ജെ പിയുടെ സീല്‍ വന്നത് വിവാദമായതോടെ അത് സാങ്കേതിക പിഴവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2019ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് ബി ജെ പി കേരളാഘടകം സി ഇ ഒ ഓഫീസില്‍ എത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം 2019ലെ കത്തിന്റെ പകര്‍പ്പും നല്‍കിയിരുന്നു. ഇതില്‍ പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നു. ഈ കത്താണ് അശ്രദ്ധ മൂലം ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അയച്ചത്.
ക്ലറക്കല്‍ പിഴവ് സംഭവിച്ചത് ശ്രദ്ധയില്‍പെട്ടുവെന്നും മാര്‍ച്ച് 21നകം കത്ത് പിന്‍വലിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബി ജെ പിയുടെ സീല്‍ പതിപ്പിച്ചത് സി പി എമ്മിന്റെ സമൂഹ മാധ്യമ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം വി നികേഷ്‌കുമാര്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനാണ് തെരഞ്ഞെടുപ്പ് മുഖ്യഓഫീസര്‍ വിശദീകരണവുമായി പ്രസ്താവന പുറത്തിറക്കിയത്.
