കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയുടെ ഐഫോൺ, ചുവന്ന പുറംചട്ടയുള്ള ഡയറിയിലെ ആദ്യ ഒമ്പത് പേജുകൾ, വിവരങ്ങൾ രേഖപ്പെടുത്തിയ ഒരു ഷീറ്റ് പേപ്പർ എന്നിവ നിർണായക തെളിവുകളാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണ റിപ്പോർട്ട്. ബാങ്ക് ഇടപാടുകൾക്കു പുറമെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും പരിശോധിച്ചതിന് പിന്നാലെ വീണയുടെ മറ്റ് സ്വത്തുക്കളും കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ പുറത്തുവന്ന റിപ്പോർട്ടിൽ, സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത നൽകിയ മൊഴിയും പ്രധാന തെളിവായി ചൂണ്ടിക്കാട്ടുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മകൾ ടി. വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് പണം നൽകിയതെന്നും, കമ്പനിയിൽ നിന്ന് യാതൊരു സേവനവും ലഭിച്ചിട്ടില്ലെന്നും കർത്ത മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
2024 ഏപ്രിൽ 17ന് രേഖപ്പെടുത്തിയ മൊഴിയിൽ, സേവനം നൽകിയിട്ടില്ലെന്ന കാര്യം വീണയും അന്വേഷണത്തിൽ സമ്മതിച്ചതായി ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്. 66 ലക്ഷം രൂപയുടെ നഷ്ടവും വെറും 5 ലക്ഷം രൂപയുടെ വിറ്റുവരവും മാത്രമുള്ള ദുർബല സ്ഥാപനമായ എക്‌സാലോജിക്, സിഎംആർഎല്ലിന്റെ സാമ്പത്തിക സഹായത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സോഫ്റ്റ്‌വെയർ സേവനങ്ങളുടെ പേരിൽ എക്‌സാലോജിക്കിന് 2.78 കോടി രൂപ നൽകിയെന്നും, പിന്നീട് അതേ സേവനത്തിനായി മറ്റൊരു ഐ.ടി. സ്ഥാപനത്തെ വളരെ കുറഞ്ഞ ചെലവിൽ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് എക്‌സാലോജിക്കിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 27,585 രൂപ, ലാക്കർ ഇന്ത്യ കോർപറേഷന്റെ 15.57 ലക്ഷം രൂപ, ടി. വീണയുടെ വ്യക്തിഗത അക്കൗണ്ടിലെ 1.37 ലക്ഷം രൂപ എന്നിവ നേരത്തേ മരവിപ്പിച്ചിരുന്നു. മേയിൽ നടന്ന റെയ്ഡിനിടെയാണ് ഇതുമായി ബന്ധപ്പെട്ട രേഖകളും ഇലക്ട്രോണിക് തെളിവുകളും ഇ.ഡി പിടിച്ചെടുത്തത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ 182 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 'ചെളി നീക്കം' എന്ന പേരിൽ യഥാർഥ സേവനമോ അനുബന്ധ ബില്ലുകളോ ഇല്ലാതെ 139 കോടി രൂപയുടെ വ്യാജച്ചെലവ് കണക്കിൽപ്പെടുത്തിയെന്നാണ് റിപ്പോർട്ടിലെ ആരോപണം.
സിഎംആർഎൽ, കമ്പനി ഡയറക്ടർമാർ, കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട 26 കോടി രൂപയുടെ സ്വത്തുക്കളും കേസിലെ 12 പ്രതികളുടെയും സ്ഥാപനങ്ങളുടെയുമായി ആകെ 29 കോടി രൂപയുടെ സ്വത്തുക്കളും മരവിപ്പിച്ചതായി ഇ.ഡി അറിയിച്ചു. സ്വത്ത് കണ്ടുകെട്ടൽ നടപടിക്ക് മന്നോടിയായാണ് ഈ നടപടികൾ. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്നിൽ ടി. വീണ ഉൾപ്പെടെയുള്ളവർക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിഎംആർഎൽ-എക്‌സാലോജിക് കേസ്: ടി. വീണയുടെ ഐഫോൺ, ഡയറി നിർണായക തെളിവെന്ന് ഇ.ഡി; സ്വത്ത് കണ്ടുകെട്ടൽ നടപടിയിലേക്ക്
