കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ്

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ്


കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്.

മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇ.ഡി.യുടെ ഈ നിര്‍ണായക നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. തുടര്‍നടപടികള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടും.
മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനും കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ക്കും ഇ.ഡി. നോട്ടിസ് അയച്ചിട്ടുണ്ട്. ഇ.ഡി. നേരത്തെ ഈ വിഷയത്തില്‍ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മസാല ബോണ്ട് വഴി സമാഹരിച്ച തുക, കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഉപയോഗിച്ചത് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് ഇ.ഡി.യുടെ പ്രധാന ആരോപണം.
2019ല്‍, 9.72 ശതമാനം പലിശയ്ക്ക് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് കിഫ്ബി മസാല ബോണ്ട് പുറത്തിറക്കിയത്. ഈ വഴി 2,150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.
2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികള്‍ക്ക് അന്തിമ തീരുമാനമെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസക്കിന് 2 തവണ ഇ.ഡി. നോട്ടിസ് നല്‍കിയിരുന്നു.
'മസാല ബോണ്ട്' എന്നത് ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശ കമ്പോളങ്ങളില്‍ നിന്ന് ഇന്ത്യന്‍ കറന്‍സിയില്‍ (രൂപ) പണം സമാഹരിക്കാന്‍ സാധിക്കുന്ന കടപ്പത്രങ്ങളാണ് .
ബോണ്ട് വാങ്ങുന്ന വിദേശ നിക്ഷേപകനാണ് കറന്‍സി വിനിമയ നിരക്കിലുള്ള വ്യതിയാനങ്ങളുടെ റിസ്‌ക് വഹിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ റിസ്‌ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒഴിവാക്കാനും, വിദേശ മൂലധനം ആകര്‍ഷിക്കാനും ഇത് സഹായിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആണ് മസാല ബോണ്ടുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
മറ്റ് സംസ്ഥാനങ്ങള്‍ മസാല ബോണ്ട് ഉപയോഗിച്ചിട്ടില്ല. കേരളത്തിലെ കിഫ്ബിയാണ് ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധമുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയത്.
കേന്ദ്ര തലത്തില്‍ പല പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം ബോണ്ടുകള്‍ ഇറക്കിയിട്ടുണ്ട്.നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ , എന്‍ടിപിസി , എച്ച്ഡിഎഫ്‌സി മുന്‍പ് മസാല ബോണ്ടുകള്‍ ഉപയോഗിച്ച് വിദേശത്തുനിന്ന് പണം സമാഹരിച്ചിട്ടുണ്ട്. എന്നാല്‍, കിഫ്ബിയുടെ ഈ നടപടി ഒരു സംസ്ഥാനത്തിന്റെ വികസന ഏജന്‍സി നടത്തുന്ന ആദ്യ ശ്രമമായിരുന്നു