എബോള വൈറസ്: കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

എബോള വൈറസ്: കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി


കൊച്ചി: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സിയാല്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കൊച്ചി  വിമാനത്താവളത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. 

വിമാനത്താവളത്തില്‍ 24 മണിക്കൂറും സര്‍വൈലന്‍സ് സംവിധാനം സജ്ജീകരിക്കും. തെര്‍മല്‍ സ്‌ക്രീനിംഗ്, വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍, 21 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി പരിശോധന എന്നിവ ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാര്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. 

സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ. റാഫേല്‍ ടെഡി, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആയിഷ മാനിക കെ എ, സി ഐ എസ് എഫ്, ഇമിഗ്രേഷന്‍, എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ട് അതോറിറ്റി, സിയാല്‍ ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എ പി എച്ച് ഒ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. അന്ന എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ പദ്ധതി അവതരിപ്പിച്ചു. 

റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളില്‍ ബുണ്ടിബുഗ്യോ എബോള വൈറസ് (ബി ഡി ബി വി) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തുടര്‍ന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും ശരീര ദ്രവങ്ങളിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

രോഗബാധയ്ക്ക് ശേഷം 2 മുതല്‍ 21 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉള്‍പ്പെടെയുള്ള ഫ്‌ളൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തില്‍ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതല്‍ 50 ശതമാനം വരെയാണെന്നും യോഗത്തില്‍ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും.

എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി സര്‍ക്കാര്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലവിലുള്ളത്. ത്രി-ലെയര്‍ മാസ്‌ക് ഉപയോഗം, സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകല്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കാനും യോഗം നിര്‍ദേശിച്ചു.