ബിജെപിയിൽ പ്രതിസന്ധിക്ക് അയവ്; ശ്രീലേഖയുടെ രാജി ഭീഷണി ഒത്തുതീർപ്പിലേക്ക്, കാലാവധി പൂർത്തിയാക്കുമെന്ന് മേയർ വി.വി.രാജേഷ്

ബിജെപിയിൽ പ്രതിസന്ധിക്ക് അയവ്; ശ്രീലേഖയുടെ രാജി ഭീഷണി ഒത്തുതീർപ്പിലേക്ക്, കാലാവധി പൂർത്തിയാക്കുമെന്ന് മേയർ വി.വി.രാജേഷ്


തിരുവനന്തപുരം: ദേശീയ തലത്തിൽ തന്നെ ബിജെപിക്കു നാണക്കേടായ ശ്രീലേഖയുടെ രാജി പ്രശ്‌നം പരിഹരിക്കാൻ പാർട്ടി നടത്തിയ നീക്കത്തിൽ ഒടുവിൽ ഒത്തുതീർപ്പിലേക്ക്. നേരത്തെ, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച ആർ. ശ്രീലേഖ, ആ സന്ദേശം ഡിലീറ്റ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെട്ട് നടത്തിയ സമവായ ചർച്ചകൾ ഫലം കണ്ടെന്നാണ് സൂചന. കോർപ്പറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കുന്നത് തടയാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചതോടെയാണ് നഗരസഭാ ഭരണത്തിനു തന്നെ ഭീഷണിയായി ഉയർന്നുവന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായത്. 

അതേസമയം, സംഭവവികാസങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ആർ. ശ്രീലേഖ ഇതുവരെ തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ച ശ്രീലേഖയുമായി ചർച്ച നടത്തുമെന്നാണ് സൂചന. ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള കത്തൊന്നും നൽകിയിട്ടില്ലെന്നും അവർ കൗൺസിലറായി തന്നെ തുടരുമെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നഗരസഭയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ അടങ്ങിയ കത്താണ് അവർ നൽകിയതെന്നും കൗൺസിലർ എന്ന നിലയിൽ അവർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മേയർ പറഞ്ഞു

കേന്ദ്ര സർക്കാരിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനങ്ങളിൽ ശ്രീലേഖയ്ക്ക് ഉന്നത പദവി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് രാജി ഭീഷണി ഒഴിവാക്കിയതെന്നാണ് സൂചന. ശ്രീലേഖ കോൺഗ്രസിലേക്കു നീങ്ങുന്നുവെന്ന അഭ്യൂഹവും ശക്തമായിരുന്നു. ശ്രീലേഖയുടേത് രാഷ്ട്രീയ സമ്മർദമായിരുന്നു എന്ന വിലയിരുത്തലും പൊതുവേയുണ്ട്.

സെപ്റ്റംബർ 30-ന് താൻ സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനം രാജിവെക്കുകയാണെന്ന് വ്യക്തമാക്കി മേയർ വി.വി. രാജേഷിന് കത്ത് നൽകിയെന്നും, ഇതിന്റെ പകർപ്പ് തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് കൈമാറുമെന്നും അറിയിച്ച് ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ ഇന്നലെ രാവിലെ 11.52-ഓടെയാണ് ശ്രീലേഖ ആദ്യം സന്ദേശമയച്ചത്. പ്രദേശവാസികൾ നൽകിയ പിന്തുണയ്ക്ക് അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശം. എന്നാൽ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാതിരുന്നതിനാൽ രാജിക്ക് നിയമസാധുത ഉണ്ടായിരുന്നില്ല. ഒരു സ്വതന്ത്രന്റെ നേരിയ പിന്തുണയിൽ ഭരണം നടത്തുന്ന ബിജെപിക്ക് ശ്രീലേഖയുടെ രാജി കനത്ത തിരിച്ചടിയാകുമായിരുന്നു.

സെപ്റ്റംബർ 30 ന് തനിക്ക് ലഭിച്ച കത്ത് കോർപ്പറേഷൻ സെക്രട്ടറിയുടെ മുന്നിലേക്ക് കൈമാറിയിരുന്നില്ലെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്. വാർഡിലെ ഫണ്ടുകളും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൗൺസിലർമാർ സാധാരണയായി കത്തുകൾ നൽകാറുണ്ടെന്നും, ശ്രീലേഖ നൽകിയതും അത്തരത്തിലുള്ള ഒരു കത്താണെന്നും മേയർ വിശദീകരിച്ചു. പാർട്ടിതലത്തിലും മേയറുടെ തലത്തിലും ഇടപെടേണ്ട കാര്യങ്ങൾ കൃത്യമായി പരിഹരിച്ച് ഭരണസമിതി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ ആദ്യ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയിൽ നിർണായക സ്വാധീനമുള്ള ശ്രീലേഖ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായ ശ്രീലേഖയെ മേയർ മുഖമായി അവതരിപ്പിച്ചാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കോർപ്പറേഷൻ ഭരണം പിടിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിനു പിന്നാലെ ശ്രീലേഖയെ ബിജെപി തഴഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വവുമായി കടുത്ത പ്രതിഷേധത്തിലായിരുന്നു ശ്രീലേഖ. സ്വതന്ത്രൻ്റെ പിന്തുണയോടെ 51 സീറ്റിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തത്. കൗണ്‍സിലര്‍ ആര്‍ സുഗതനെ അയോഗ്യനാക്കാനുള്ള ഭീഷണിയും 51 സീറ്റുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന ബിജെപിക്ക് വലിയ സമ്മര്‍ദമായിരുന്നു. ശ്രീലേഖയും കൂടി രാജിവച്ചാല്‍ കോര്‍പ്പറേഷനിലെ ഭരണംതന്നെ പ്രതിസന്ധിയിലാകുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ 101 സീറ്റുള്ള കോര്‍പ്പറേഷനില്‍ ബിജെപിയുടെ സീറ്റ് നില 49 ആകും. കക്ഷിനില എല്‍ഡിഎഫിന് 29, യുഡിഎഫിന് 20, ഒരു സ്വതന്ത്രന്‍ എന്ന നിലയിലാണ്. എങ്ങനെയും ശ്രീലേഖയെ അനുനയിപ്പിച്ച് രാജിതീരുമാനം പിന്‍വലിപ്പിച്ച് ആദ്യമായി ലഭിച്ച കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താനാണ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ വിഷയത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്.

രൂക്ഷ വിമർശനവുമായി സിപിഎം

അതേസമയം, ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി രംഗത്തെത്തി. ആർ ശ്രീലേഖ പറയുന്നതൊന്നും വിശ്വസിക്കാൻ കൊള്ളില്ലെന്നും സ്ഥാനങ്ങളും അധികാരവും നേടാൻ എന്ത് ഭീഷണിയും മുഴക്കാൻ അവർ തയ്യാറാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിലേക്ക് പോകാൻ വേണ്ടിയാണ് അവർ ഈ സമ്മർദ്ദതന്ത്രം പയറ്റുന്നതെന്ന സൂചനയും അദ്ദേഹം നൽകി.

കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്‌തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബ ജെപി സ്ഥാനാർഥിയായി വിജയിച്ചത്. നിലവിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റാണ് അവർ. ഏപ്രിലിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് കെ മുരളീധരനോട് ശ്രീലേഖ പരാജയപ്പെട്ടിരുന്നു.