ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ ജോലി നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവറിന് നിയമസഭ ഡ്രൈവറായി നിയമനം

ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ ജോലി നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവറിന് നിയമസഭ ഡ്രൈവറായി നിയമനം


തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി താത്കാലിക ഡ്രൈവർ എൽ.എച്ച്.യദുവിന് നിയമനം. നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ശുപാർശ പരി​ഗണിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിയമനത്തിന് നിർദേശം നൽകിയത്. 

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡിൽ തർക്കമുണ്ടാവുകയായിരുന്നു. 2024 ഏപ്രിൽ 28നായിരുന്നു സംഭവം. പട്ടം പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. എന്നാൽ മേയറുടെ വാഹനത്തെ ഓവർട്ടേക്ക് ചെയ്തതാണ് തർക്കത്തിന് കാരണമെന്ന് നന്ദുവും പറഞ്ഞിരുന്നു. 

ആര്യ രാജേന്ദ്രന്റെ പരാതിയിൽ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയർക്കും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുത്തത്.