തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ (84) അന്തരിച്ചു. ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
ഇന്ത്യയില്‍ ആദ്യമായി 2D എക്കോകാര്‍ഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചത് അദ്ദേഹമാണ്. തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് കെയറിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറുമാണ് ജി വിജയരാഘവന്‍. ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായ അദ്ദേഹം തിരുവനന്തപുരത്തെ സൊസൈറ്റി ഫോര്‍ കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പ്രസിഡന്റ് ആയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ്, എംഡി പഠനം പൂര്‍ത്തിയാക്കിയ വിജയരാഘവന് വൈദ്യശാസ്ത്രരംഗത്തെ മികച്ച സംഭാവനകള്‍ക്ക് രാജ്യം 2009ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ മെഡിക്കല്‍ അധ്യാപകന്‍ കൂടിയാണ് അദ്ദേഹം. നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.
1970കളുടെ അവസാനത്തിലാണ് ഇന്ത്യയിൽ 2D എക്കോകാർഡിയോഗ്രാഫി മെഷീൻ ആദ്യമായി അവതരിപ്പിച്ച് അതിലൂടെ ഹൃദ്രോഗ നിർണയം നടത്തുന്നതിൽ അദ്ദേഹം മുൻനിരയിൽ പ്രവർത്തിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലും ഹൃദ്രോഗ ചികിത്സ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിൽ ഡോ. വിജയരാഘവന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. കിംസ് ഹെൽത്തിന്റെ വൈസ് ചെയർമാനും കാർഡിയോളജി വിഭാഗം മേധാവിയുമായി അദ്ദേഹം പ്രവർത്തിച്ചുവരികയായിരുന്നു. കുറഞ്ഞ ചെലവിൽ അത്യാധുനിക ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിന് അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായകമായതായി വിലയിരുത്തപ്പെടുന്നു.
ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ-അന്താരാഷ്ട്ര മെഡിക്കൽ സംഘടനകളിൽ നിന്നായി നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ കാർഡിയോളജി ചികിത്സാരംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോജനം വ്യാപിപ്പിക്കുന്നതിലും നിരവധി തലമുറകളിലെ ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിലും ഡോ. ജി. വിജയരാഘവൻ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ ആരോഗ്യരംഗത്തിന് വലിയ നഷ്ടമാണ്.
'ഹൃദയത്തിന്റെ കാവല്‍ക്കാരന്‍'; ജി വിജയരാഘവന്‍ അന്തരിച്ചു
