തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡാൻസാഫ് സംഘത്തിലെ (DANSAF) പോലീസ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം നൽകി. പോലീസ് കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ ഡാൻസാഫ് ഉദ്യോഗസ്ഥർക്കും അടിയന്തര ഘട്ടങ്ങളിൽ പിസ്റ്റൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ അടിയന്തര പരിശീലനം നൽകണമെന്നാണ് നിർദ്ദേശത്തിലുള്ളത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ് , അസ്സംബ്ലിങ്, ഫയറിങ് എന്നിവ ഇതിൽ ഉൾപ്പെടും. പരിശീലന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോൺ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ടന്ന് എഡിജിപി പി. വിജയൻ അറിയിച്ചു.
കഴിഞ്ഞ ദിവസം കഴക്കൂട്ടം വെട്ടുറോഡിൽ എംഡിഎംഎ കടത്തുകയായിരുന്ന സംഘത്തെ തടയാൻ ശ്രമിച്ച സിറ്റി ഡാൻസാഫ് സംഘത്തിന് നേരെ പ്രതികൾ ഥാർ ജീപ്പ് ഇടിച്ചുകയറ്റിയിരുന്നു. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേൽക്കുകയും സിപിഒ ദീപുരാജിന്റെ കൈക്കും തോളിനും ഗുരുതരമായി പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സെപ്റ്റംബറിൽ തിരുവനന്തപുരത്ത് മറ്റൊരു ലഹരിവേട്ടയ്ക്കിടെ പ്രതികൾ പൊലീസുകാരുടെ മേൽ കാർ ഓടിച്ചുകയറ്റി പരിക്കേൽപ്പിച്ചിരുന്നു. ജൂണിൽ കൊച്ചിയിൽ ലഹരിസംഘം പൊലീസ് വാഹനത്തിന് നേരെ കല്ലും ഇഷ്ടികയും എറിഞ്ഞ് വാഹനം തകർക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ നവംബർ ആദ്യവാരവും ലഹരി ഉപയോഗിച്ച പ്രതി പൊലീസിനെ ആക്രമിച്ച സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡാൻസാഫിനെ തൊട്ടാൽ വെടിപൊട്ടും; ലഹരിവേട്ടയ്ക്കായി ഉദ്യോഗസ്ഥർക്ക് പിസ്റ്റളിൽ പ്രത്യേക പരിശീലനം നൽകാൻ എഡിജിപിയുടെ നിർദ്ദേശം
