മുഖ്യമന്ത്രി, മന്ത്രി പോര് കഴിഞ്ഞു; കെ.പി.സി.സിയിൽ ഇനി പുനഃസംഘടന മാമാങ്കം

മുഖ്യമന്ത്രി, മന്ത്രി പോര് കഴിഞ്ഞു; കെ.പി.സി.സിയിൽ ഇനി പുനഃസംഘടന മാമാങ്കം


തിരുവനന്തപുരം: പത്ത് വർഷത്തിനുശേഷം അധികാരത്തിലേറിയതിന് പിന്നാലെ അരങ്ങേറിയ മുഖ്യമന്ത്രി, മന്ത്രി പോരുകൾക്ക് ശേഷം കെ.പി.സി.സിയിൽ അടുത്ത പുനഃസംഘടന മാമാങ്കത്തിന് കളമൊരുങ്ങുന്നു. കെ.പി.സി.സി പ്രസി‍ഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കാണ് കളമൊരുക്കൽ ആരംഭിച്ചിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനൊപ്പം ഡി.സി.സി പ്രസിഡന്റുമാർ അടക്കമുള്ള മുഴുവൻ ഭാരവാഹിത്വത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. യൂത്ത് കോൺ​ഗ്രസ് അദ്ധ്യക്ഷൻ ഒ.ജെ.ജനീഷ് മന്ത്രിയായ സ്ഥാനത്തേക്കും പുതിയ നിയമനം നടക്കും. 

യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുംനട്ട് നിരവധി നേതാക്കളാണ് ഇതിനോടകം വലവീശൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തതിന്റെ പേരിൽ അവകാശവാദവുമായി ചില ​ഗ്രൂപ്പ് നേതാക്കളും രം​ഗത്തുണ്ട്. തന്റെ സീനിയോരിറ്റി പരി​ഗണിക്കാതെ വി.ഡി.സതീശന് മുഖ്യമന്ത്രി സ്ഥാനം നൽകിയതിന്റെ പേരിൽ തന്റെ നോമിനിയായ ജോസഫ് വാഴയ്ക്കനെ അദ്ധ്യക്ഷനാക്കണമെന്ന രമേശ് ചെന്നിത്തല ​ഗ്രൂപ്പിന്റെ അവകാശവാ​ദമാണ് ഏറെ മുന്നിൽ. 

സംഘടന പ്രവർത്തന രം​ഗത്തെ പ്രവർത്തി പരിചയം അടിസ്ഥാനമാക്കണമെന്ന വാദവുമായി ബെന്നി ബെഹനാന്റെ പേരുമായി പഴയ എ ​ഗ്രൂപ്പും മുതിർന്ന നേതാക്കളുടെ പിന്തുണയും സീനിയോരിറ്റിയും അവകാശപ്പെട്ട് കൊടിക്കുന്നിൽ സുരേഷും വി.എസ്.ശിവകുമാറും കളത്തിലിറങ്ങിക്കഴിഞ്ഞു. അതേസമയം, മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുകയും ​ഗ്രൂപ്പ്, സമുദായ സമവാക്യങ്ങളും കാരണം മാറിനിൽക്കേണ്ടിയും വന്ന മറ്റൊരു വിഭാ​ഗവും അവകാശവാ​ദവുമായി രം​ഗത്തുണ്ട്. 

എന്നാൽ‌, എം,പി, എം.എൽ.എമാരിൽ നിന്ന് ഒരാളെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് നിയോ​ഗിക്കുമോ എന്ന കാര്യത്തിൽ നേതാക്കൾക്കാർക്കും വ്യക്തതയില്ല. സംഘടനാ ഭാരവാഹിത്വത്തിന്റെ ഉത്തരവാദിത്വം പൂ‍ർണ തോതിൽ നിർവഹിക്കാൻ സമയം കണ്ടെത്താനാവില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കൂടാതെ, യു.ഡി.എഫ് ഭരണത്തിലേറിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സി.പി.എം, ബി.ജെ.പി കക്ഷികൾ കടുത്ത സമരത്തിലേക്ക് വരാനുള്ള സാഹചര്യത്തിൽ കരുത്തുറ്റ നേതൃത്വം വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതേ രീതിയിൽ കെ.പി.സി.സി വർക്കിം​ഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ഡി.സി.സി പ്രസിഡന്റുമാർ തുടങ്ങിയ ഭാരവാഹിത്വങ്ങളിൽ പൂർണമായ പുനഃസംഘടന നടത്താനാണ് നേതൃത്വം ആലോചന തുടങ്ങിയിരിക്കുന്നത്.