​ഗവർണർക്കൊപ്പം നിയമസഭയിൽ പ്രവേശിച്ച് ഡി.ജി.പി; ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ്, ഖേദം പ്രകടിപ്പിച്ച് ‍ഡി.ജി.പി

​ഗവർണർക്കൊപ്പം നിയമസഭയിൽ പ്രവേശിച്ച് ഡി.ജി.പി; ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ്, ഖേദം പ്രകടിപ്പിച്ച് ‍ഡി.ജി.പി


തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണർക്കൊപ്പം നിയമസഭയിൽ പ്രവേശിച്ച ഡി.ജി.പിയുടെ നടപടി വിവാദമായി. ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചത് ഗുരുതര ചട്ടലംഘനമാണെന്നും പതിവില്ലാത്ത കീഴ്വഴക്കമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പ്രതികരിച്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അശ്രദ്ധ കൊണ്ടാവാം ഡി.ജി.പി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും അദ്ദേഹം വഹിക്കുന്ന പദവിയുടെ വലിപ്പം മാനിക്കുന്നത് കൊണ്ട് അദ്ദേഹത്തെ അപമാനിക്കാനില്ലെന്നും സ്‌പീക്കർ പിന്നീട് വ്യക്തമാക്കി.

സാധാരണ ​ഗവർണറെ സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ ചേർന്നാണ് സഭാ കവാടത്തിൽ നിന്ന് അകത്തേക്ക് ​ഗവർണറെ സ്വീകരിച്ചെത്തിക്കുന്നത്. ഇന്ന് ​ഗവർണർക്കൊപ്പം സഭയുടെ ഉള്ളിലേക്ക് കയറിയ ഡി.ജി.പി റവാഡ ചന്ദ്രശേഖർ, സഭയുടെ ഉള്ളിലൂടെ മറ്റൊരു വാതിലിലൂടെ പുറത്തു പോവുകയായിരുന്നു. സഭയിലെ ഉദ്യോ​ഗസ്ഥർ ചട്ടലംഘനം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഡി.ജി.പി പുറത്തുപോയത്. 

അതേസമയം, വിഷയത്തിൽ ഡി.ജി.പി ഖേദം പ്രകടിപ്പിച്ചു. സ്‌പീക്കറോടാണ് ഖേദപ്രകടനം നടത്തിയത്. തനിക്ക് അബദ്ധം പറ്റിയതാണെന്നും അറിയാതെ നിയമസഭയിൽ പ്രവേശിച്ചതാണെന്നും അദ്ദേഹം അറിയിച്ചു.