സൈബർ ആക്രമണത്തിന് പിന്നിൽ അടൂരിലെ വീട്; ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

സൈബർ ആക്രമണത്തിന് പിന്നിൽ അടൂരിലെ വീട്; ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ


കാസർകോട്: ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന് പറഞ്ഞതിനാണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും ഇതിന് പിന്നിൽ ചില പെട്ടിതാങ്ങികളാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആശാന് വേണ്ടി ശിഷ്യൻ കളത്തിലിറങ്ങിയിരിക്കുകയാണെന്നും അടൂരിലെ ഒരു വീട്ടിൽ നിന്നാണ് ഈ ആസൂത്രിത നീക്കങ്ങൾ വരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് അദ്ദേഹം തുറന്നടിച്ചു. തന്നെ പ്രകോപിപ്പിച്ചാൽ തൻ്റെ ഡയറിയിലുള്ള പല രഹസ്യങ്ങളും പുറത്തുവിടുമെന്നും കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വെല്ലുവിളിച്ചു.

തനിക്കും മകനുമെതിരെ വ്യാജ ഐഡികളിൽ നിന്നാണ് സൈബർ ആക്രമണം നടക്കുന്നത്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല, മറിച്ച് കൃത്യമായി ആസൂത്രണം ചെയ്തതാണ്. ബോർഡ്, കോർപറേഷൻ വിഭജനത്തിൽ അവഗണിക്കപ്പെട്ടെന്ന് കാണിച്ച് എ ഗ്രൂപ്പ് പ്രതിനിധികളായി ഹൈക്കമാൻഡിനെ കണ്ട മൂന്ന് പേരിൽ കെസി ജോസഫും ബെന്നി ബഹനാനും കറകളഞ്ഞ എ ഗ്രൂപ്പുകാരാണ്. എന്നാൽ ഷാഫി പറമ്പിൽ ഇപ്പോൾ എ ഗ്രൂപ്പിലില്ലെന്ന് മാത്രമാണ് താൻ സൂചിപ്പിച്ചത്. അദ്ദേഹത്തെ വ്യക്തിപരമായി അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല. ഷാഫി എ ഗ്രൂപ്പാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായി മാത്രമേ കാണാൻ കഴിയൂ എന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മൻചാണ്ടിയിൽ നിന്നാണ്. എന്നാൽ സോളാർ കേസ് വന്നപ്പോൾ സ്വന്തം പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് തലയിൽ മുണ്ടിട്ട് ഓടിയൊളിച്ചവരാണ് ഇന്ന് ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിൻ്റെ വക്താക്കളായി കുടപിടിച്ച് ഇറങ്ങിയിരിക്കുന്നത്.

അന്ന് ഉമ്മൻചാണ്ടിയെയും ഭാര്യ മറിയാമ്മയെയും മകൾ മറിയത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ചാനലുകളിൽ രാപകൽ കയറിയിറങ്ങി പ്രതിരോധിക്കാൻ താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട് വച്ച് കോടിയേരി ബാലകൃഷ്ണനെതിരെ വാർത്താസമ്മേളനം നടത്തി തിരിച്ചുവരുമ്പോൾ ട്രെയിനിൽ വച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനമേറ്റ് തനിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അന്ന് തന്നെ കാണാൻ ആദ്യം ഓടിയെത്തിയത് ഉമ്മൻചാണ്ടിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ഒരു ജന്മം കൊണ്ട് നേടാവുന്നതെല്ലാം നേടിയെടുത്ത ശേഷം അവസാനഘട്ടത്തിൽ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയവരാണ് ഇപ്പോൾ ഉമ്മൻചാണ്ടിക്ക് വേണ്ടി സംസാരിക്കുന്നതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മൻചാണ്ടി അവസാന നാളുകളിൽ ശബ്‌ദം നിലച്ചപ്പോൾ എഴുതിക്കൊടുത്തത് തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അഖിലിൻ്റെ പേരായിരുന്നു. എന്നാൽ ആ കുറിപ്പടി വലിച്ചുകീറി ചവറ്റുകുട്ടയിൽ എറിഞ്ഞിട്ടാണ് അടൂർക്കാരനായ ശിഷ്യൻ രാഹുൽ മാങ്കൂട്ടത്തിലിനെ അധ്യക്ഷനാക്കിയത്.

അതിന് പിന്നിൽ ഷാഫി പറമ്പിലാണ്. സോളാർ കേസ് കെട്ടടങ്ങിയ ശേഷം ഒരു ഉന്നത നേതാവ് വീട്ടിലെത്തി ഭാര്യ തന്നുവിട്ടതാണെന്ന് പറഞ്ഞ് തനിക്ക് ഓണക്കോടി സമ്മാനിച്ചിരുന്നു. ആ നേതാവ് പോലും ഇന്ന് തനിക്കെതിരെയുള്ള ആക്രമണം കണ്ട് ആസ്വദിക്കുകയാണെന്നും ഉണ്ണിത്താൻ പറഞ്ഞു. 1968 മുതൽ പാർട്ടിയിലുള്ള, മൂന്ന് തലമുറയായി നെഹ്റു കുടുംബവുമായി ബന്ധമുള്ള തന്നെ ഒരു എംപിയുടെ ശിങ്കിടികൾ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒരു നേതാവും അത് വിലക്കാൻ തയാറായില്ല.

രഹസ്യങ്ങൾ പുറത്തുവിടുമെന്ന് മുന്നറിയിപ്പ്

തനിക്കെതിരെ സൈബർ ആക്രമണം തുടർന്നാൽ ആശാനും ശിഷ്യനും കുടുങ്ങുന്ന പല കാര്യങ്ങളും പുറത്തുവിടും. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ വച്ച് അന്തരിച്ച ഒരു ആദരണീയനായ നേതാവ് ഒരാളുടെ കാലുപിടിച്ച് കേണപേക്ഷിച്ച സംഭവവും 2020 എന്ന വാഹനത്തിൻ്റെ നമ്പറും ഇപ്പോൾ സൂചനയായി നൽകുകയാണ്.

ബാക്കി കാര്യങ്ങൾ പിന്നാലെ വെളിപ്പെടുത്തും. താൻ പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാണ്. പാർട്ടിയിൽ നിന്ന് നേടാവുന്നതെല്ലാം നേടിയവരുടെ മക്കളാണ് ഇപ്പോൾ ബിജെപിയിൽ പ്രവർത്തിക്കുന്നത്. തൻ്റെ മകൻ പണ്ടെങ്ങോ ഇട്ട പോസ്റ്റ് കുത്തിപ്പൊക്കിയാണ് ഇപ്പോൾ ആക്രമണം നടത്തുന്നത്. എന്നാൽ അവൻ കോൺഗ്രസിൽ തന്നെയുണ്ടെന്നും നിലവിൽ ലണ്ടനിലായതിനാൽ ഇവിടെ നടക്കുന്ന ഗ്രൂപ്പ് മാറ്റങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മൗനത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രി വിഡി സതീശനും കെസി വേണുഗോപാലും തമ്മിലുള്ള തർക്കത്തിൽ താൻ കക്ഷിയല്ല. 10 വർഷത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മുൻ ഭരണത്തിൽ കോൺഗ്രസ് പ്രവർത്തകർ അനുഭവിച്ച വേദനകൾ നിസ്സാരമല്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആറ് മാസം മാത്രമാണ് ആയത്. പ്രവർത്തകരുടെ അഭിമാനബോധം സംരക്ഷിക്കാനാണ് താൻ നിൽക്കുന്നത്. മുഖ്യമന്ത്രിക്ക് അനുകൂലമായി സംസാരിച്ചതിൻ്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനും മകൻ അമനും നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.