സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്


കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പിണറായി വിജയന്റെ മകള്‍ ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരും ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു.

ജസ്റ്റിസുമാരായ കെ. നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. സിംഗിള്‍ ബെഞ്ചില്‍ കേസ് പരിഗണിച്ചപ്പോള്‍ പിണറായി വിജയനടക്കമുള്ളവര്‍ കക്ഷികളായിരുന്നില്ല. അതിനാല്‍, വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയ കെ.എം. ഷാജഹാന്‍ എന്നിവരുടെ വാദം കേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയാനായി മാറ്റിയത്.

അപ്പീല്‍ നല്‍കാന്‍ അനുമതി ലഭിക്കുന്ന പക്ഷം വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച പ്രാഥമിക അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തെ ഒഴിവാക്കി, ഇ.ഡി. നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് പിണറായി വിജയനെതിരെ കേസെടുത്തിരിക്കുന്നത്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇ.സി.ഐ.ആറുകളാണ് ഇ.ഡി. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതി, ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി.